ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരുവയസുകാരിയോട് പിതാവ് കാട്ടിയ ക്രൂരത നടുക്കുന്നത്. ഒരു വയസുള്ള മകളുമൊത്ത് സെൽഫിയെടുക്കാനെന്ന വ്യാജേന പാലത്തിൽ മോട്ടോർ സൈക്കിൾ നിർത്തിയ ശേഷം കുഞ്ഞിനെ യമുനാനദിയിലേക്ക് എറിഞ്ഞു
ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരുവയസുകാരിയോട് പിതാവ് കാട്ടിയ ക്രൂരത നടുക്കുന്നത്. ഒരു വയസുള്ള മകളുമൊത്ത് സെൽഫിയെടുക്കാനെന്ന വ്യാജേന പാലത്തിൽ മോട്ടോർ സൈക്കിൾ നിർത്തിയ ശേഷം കുഞ്ഞിനെ യമുനാനദിയിലേക്ക് എറിഞ്ഞു. തുടര്‍ന്ന് ഭാര്യയെയും നദിയിലേക്ക് തള്ളിയിടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളെ പൊലീസിലേൽപ്പിച്ചു. കുട്ടിക്കായി നദിയിൽ തിരച്ചിൽ തുടരുകയാണ്. ആഗ്രയിലെ സികന്ദ്ര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അക്ബര യമുന പാലത്തിലാണ് സംഭവം നടന്നത്. റിങ്കുവും ഭാര്യ ലക്ഷ്മിയും ഒരു വയസുള്ള മകളുമൊത്ത് മോട്ടോർ സൈക്കിളിൽ ആഗ്ര നഗരത്തിലേക്ക് പോകുകയായിരുന്നു. യാത്രയ്ക്കിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായതായി പറയപ്പെടുന്നു.
ലക്ഷ്മി നൽകിയ മൊഴി പ്രകാരം, മകളോടൊപ്പം സെൽഫിയെടുക്കണമെന്ന് പറഞ്ഞ് റിങ്കു പാലത്തിന് മുകളിൽ മോട്ടോർ സൈക്കിൾ നിർത്തി. തുടർന്ന് കുഞ്ഞിനെയുമെടുത്ത് നടന്ന് ഫോട്ടോ എടുത്ത ശേഷം പെട്ടെന്ന് കുഞ്ഞിനെ യമുനാനദിയിലേക്ക് എറിയുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തിയ ലക്ഷ്മിയെയും റിങ്കു നദിയിലേക്ക് തള്ളിയിടാൻ ശ്രമിച്ചു. ലക്ഷ്മിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ യാത്രക്കാരും നാട്ടുകാരും ചേർന്നാണ് റിങ്കുവിനെ തടഞ്ഞു നിർത്തിയത്. കാര്യമറിഞ്ഞതോടെ നാട്ടുകാർ ഇയാളെ ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് പോലീസിന് കൈമാറുകയും ചെയ്തു. നാട്ടുകാർ ഇയാളെ മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.


