
ഹൈദരാബാദ്: വിമാനത്താവളത്തില്‍ ഇ മെയില്‍ വഴി വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. ഹൈദരാബാദിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് വയ്ക്കുമെന്ന് വ്യാജ സന്ദേശമയച്ചതിന് ഹൈദരാബാദ് പൊലീസാണ് ഇയാളെ പിടികൂടിയത്. വാരങ്കല്‍ സ്വദേശിയായ കത്രജു ശശികാന്താണ് അറസ്റ്റിലായതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ചയാണ് വിമാനത്താവളത്തില്‍ ബോംബ് വയ്ക്കുമെന്ന് കത്രജു വിമാനത്താവളത്തിലേക്ക് വ്യാജ ഭീഷണി സന്ദേശം അയച്ചത്. സുഹൃത്ത് കാനഡക്ക് പോകുന്നതിലുള്ള അസൂയ കൊണ്ടാണ് ഇത്തരത്തില്‍ സന്ദേശമയച്ചതെന്നും യാത്ര മുടക്കുക മാത്രമായിരുന്നു ഉദ്ദേശ്യമെന്നും പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തി.
ഉപ്പല്‍ സ്വദേശിയായ സായ്‍റാം കലേറു എന്ന സുഹൃത്തിനോടൊപ്പം ഹൈദരാബാദിലെ ഒരു ബോയ്സ് ഹോസ്റ്റലില്‍ താമസിക്കുകയായിരുന്നു കത്രജു ശശികാന്ത്. അടുത്തിടെയാണ് ഉന്നത പഠനത്തിനായി സായ്‍റാം കാനഡയ്ക്ക് പോകാന്‍ തീരുമാനമെടുത്തത്. സുഹൃത്തിന്‍റെ വിദേശയാത്രയില്‍ അസൂയ തോന്നിയ തൊഴില്‍രഹിതനായ കത്രജു കനേഡിയിന്‍ ഇമിഗ്രേഷന് വിസ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഇ മെയില്‍ സന്ദേശമയച്ചു.
എന്നാല്‍ ഇതിന് പ്രതികരണം ലഭിക്കാതെ വന്നതോടെയാണ് വിമാനത്താവളത്തിലേക്ക് ഇയാള്‍ ബോംബ് ഭീഷണി സന്ദേശം അയച്ചത്. സായ്‍റാമിന്‍റെ തന്നെ ഇ മെയില്‍ വിലാസത്തില്‍ നിന്നാണ് കത്രജു വ്യാജ സന്ദേശമയച്ചത്. സന്ദേശം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തുകയും തുടര്‍ന്ന് പൊലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കത്രജുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam