
1 ത്രിപുരയിൽ ബിജെപി, നാഗാലാൻഡിലും ബിജെപി സഖ്യം: മേഘാലയയിൽ എൻപിപി
ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ബി ജെ പിക്ക് വലിയ നേട്ടമാണ്. ത്രിപുരയിൽ വലിയ പരീക്ഷണങ്ങളെ അതിജീവിച്ച് തുടർഭരണമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയതാണ് വലിയ നേട്ടത്തിന് കാരണം. ഇടതുപക്ഷവും കോൺഗ്രസും കൈകോർത്തിട്ടും തിപ്ര മോത പാർട്ടി കരുത്തറിയിച്ചിട്ടും ഒറ്റയ്ക്ക് ഭരണം നേടിയത് ബി ജെ പിയുടെ ആത്മവിശ്വാസം വർധിപ്പിക്കും. നാഗാലാൻഡിൽ ബി ജെ പി സഖ്യം വലിയ വിജയം സ്വന്തമാക്കി. അതേസമയം മേഘാലയയിൽ കൊൺറാഡ് സാംഗ്മയുടെ എൻപിപിയാണ് വലിയ നേട്ടത്തിലെത്തിയത്. ബി ജെ പിയെ ഒഴിവാക്കിയും കോൺറാഡ് സാംഗ്മയ്ക്ക് വേണമെങ്കിൽ സർക്കാർ രൂപീകരിക്കാം എന്നതാണ് അവസ്ഥ. എൻ പി പിയും പത്തു സീറ്റ് നേടിയ യു ഡി പിയും ചേർന്നാൽ സർക്കാർ രൂപീകരിക്കാം. എന്നാൽ കേന്ദ്രസഹായം കൂടി പ്രതീക്ഷിക്കുന്ന കോൺറാഡ് സാംഗ്മ ബി ജെ പിയേയും കൂടെ നിറുത്താനാണ് സാധ്യത. അങ്ങനെയെങ്കിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആധിപത്യം ഊട്ടിഉറപ്പിക്കാൻ ബി ജെ പിക്ക് സാധിക്കും.
2 ത്രികോണപോരിൽ ത്രിപുര സ്വന്തമാക്കി ബിജെപി, ഇടതിന് കനത്ത നഷ്ടം, കരുത്തുകാട്ടി തിപ്ര മോത പാർട്ടി
ത്രിപുരയിലെ ത്രികോണപ്പോരാണ് ബിജെപിയുടെ തുടർഭരണം ഉറപ്പാക്കിയത്. തിപ്രമോത്ത ഇരുപക്ഷത്തെയും വോട്ടുകൾ ചോർത്തിയെങ്കിലും കൂടുതൽ തിരിച്ചടിയേറ്റത് സി പി എം കോൺഗ്രസ് സഖ്യത്തിനാണ്. ഗോത്രവർഗ്ഗ മേഖലകളിലെ സീറ്റുകൾ തൂത്തുവാരിയ തിപ്ര മോത്ത ബി ജെപി കഴിഞ്ഞാൽ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. കഴിഞ്ഞ തവണ 36 സീറ്റ് നേടി 25 വർഷത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ച ബിജെപി ഇത്തണയും ഒറ്റക്ക് കേവല ഭൂരിപക്ഷം നേടിയാണ് അധികാരം നിലനിര്‍ത്തുന്നത്. ഭരണവിരുദ്ധ വികാരവും പാര്‍ട്ടിയിലെ ഉള്‍പ്പോരും സംസ്ഥാനത്ത് മറികടക്കാൻ ബിജെപിക്കായി. ഗോത്രമേഖലകളിലെ തിപ്ര മോത പാര്‍ട്ടിയുടെ ഉദയം വന്‍ വിജയം നേടുന്നതില്‍ നിന്ന് ബി ജെ പിയെ തടഞ്ഞു. എന്നാൽ പാർട്ടി സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയും തോറ്റത് ബി ജെ പി സഖ്യത്തിന് ക്ഷീണമായി.
മാങ്കുളം വലിയ പാറകുട്ടിയിൽ പുഴയിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ റിചാർഡ്, അർജുൻ, ജോയൽ എന്നിവരാണ് മരിച്ചത്. സ്കൂളിൽ നിന്നും മാങ്കുളത്ത് വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിൽപ്പെട്ട വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. അങ്കമാലി സ്കൂളിൽ നിന്നുള്ള 30 ഓളം വിദ്യാർഥികളും അധ്യാപകരും അടക്കമുള്ള സംഘമാണ് മാങ്കുളത്ത് വിനോദയാത്രക്ക് എത്തിയത്. നാട്ടുകാരടക്കം ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മുങ്ങിയ കുട്ടികളെ രക്ഷാപ്രവർത്തനം നടത്തിയവർ കണ്ടെത്തി വേഗം തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരിൽ 3 പേരുടെ ജീവൻ രക്ഷിക്കാനായില്ല.
4 ഇപി ജയരാജന്റെ ഭാര്യ ചെയർപേഴ്സണായ വൈദേകം റിസോർട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന; ഇഡിയും അന്വേഷണത്തിന്
വൈദേകം റിസോർട്ടിൽ പരിശോധന. ആദയ നികുതി വകുപ്പാണ് പരിശോധന നടത്തുന്നത്. ഇ പി ജയരാജന്റെ ഭാര്യ ഇന്ദിര ചെയർ പേഴ്സണും മകൻ ഡയറക്ടറുമായിട്ടുള്ള റിസോർട്ട് ആണ് വൈദേകം. ആയുർവേദ റിസോർട്ടിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് ഇ ഡി അന്വേഷണം. ഇ ഡി കൊച്ചി യുണിറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിൽ നൽകിയിട്ടുണ്ട്. ഒന്നര കോടി രൂപ നിലഷേപിച്ചവർ വരെ ഈ പട്ടികയിലുണ്ട്.
5 ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കറിന് തിരിച്ചടി, ജാമ്യം നിഷേധിച്ച് കോടതി
ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന് തിരിച്ചടി. ജാമ്യ ഹർജി കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആയതിനാൽ ജാമ്യം നൽകരുത് എന്ന ഇ ഡി വാദം കോടതി അംഗീകരിച്ചു. ലൈഫ് മിഷൻ കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വാധീനമുള്ള ആളാണ് ശിവശങ്കർ എന്നതിനാൽ ജാമ്യം നൽകിയാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമായിരുന്നു പ്രത്യേക സി ബി ഐ കോടതിയിൽ ഇഡി ഉന്നയിച്ച വാദം. എന്നാൽ തനിക്കെതിരെയുള്ളത്, മൊഴികൾ മാത്രമാണെന്നും പ്രതി ചേർത്ത നടപടി തെറ്റാണെന്നുമാണ് ശിവശങ്കർ വാദിച്ചത്. എന്നാൽ ഈ വാദം കോടതി തള്ളി. നിലവിൽ കാക്കനാട് ജില്ലാ ജയിലിൽ ആണ് ശിവശങ്കർ റിമാൻഡിൽ കഴിയുന്നത്.
കേരള സര്‍ക്കാരിന്‍റെ ഹെലികോപ്റ്റര്‍ വാടക കരാര്‍ ചിപ്സണ്‍ എയര്‍വേസിന്. പുതിയ ടെണ്ടർ വിളിക്കില്ല. കഴിഞ്ഞ വർഷം ടെണ്ടർ ലഭിച്ച ചിപ്സൺ എയർവേഴ്സിന് കരാർ നൽകാന്‍ ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപക്കാണ് കരാർ. 20 മണിക്കൂറിന് 80 ലക്ഷമായിരുന്നു ടെണ്ടറിൽ കമ്പനി മുന്നോട്ടുവച്ചത്. സർക്കാരുമായുള്ള തുടർ ചർച്ചയിൽ 25 മണിക്കൂർ 80 ലക്ഷത്തിന് നൽകാമെന്ന് സമ്മതിച്ചു. ബാക്കി ഓരോ മണിക്കൂറിന് 90,000 രൂപ നല്‍കണം. 6 സീറ്റുകളുള്ള ഹെലികോപ്റ്റര്‍ മൂന്നു വർഷത്തേക്കാണ് വാടകക്കെടുക്കുന്നത്. രോഗികളെയും , അവയവദാനത്തിന് കൊണ്ടുപോകുന്നതിനുമായിരിക്കും ആദ്യ പരിഗണന. വി ഐ പി യാത്ര, ദുരന്ത നിവാരണം, മാവോയിസ്റ്റ് പരിശോധന എന്നിവയ്ക്കും ഹെലികോപ്റ്റർ ഉപയോഗിക്കും.
7 'കൂട്ടിയ പൈസ കൊണ്ട് കേന്ദ്രം പുട്ടടിക്കുകയല്ല', പാചകവാതക വില വർധനവിനെ ന്യായീകരിച്ച് കെ സുരേന്ദ്രൻ
പാചക വാതക വില വർധനവിനെ ന്യായീകരിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. കൂട്ടിയ പൈസ കൊണ്ട് പുട്ടടിക്കുകയല്ല കേന്ദ്രം ചെയ്യുന്നത്. പെട്രോളിയം കമ്പനികൾക്ക് അടയ്ക്കാനുള്ള തുക മുഴുവൻ സർക്കാർ അടച്ച് തീർത്തു. സിലിണ്ടർ ഗ്യാസിന്‍റെ കാലം കഴിഞ്ഞു. സിറ്റി ഗ്യാസ് ലൈൻ പദ്ധതി എല്ലാ നഗരങ്ങളിലും എത്തും. അതോടെ സിലിണ്ടർ ഗ്യാസ് ഉപയോഗം നിൽക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സി പി എം സംസ്ഥാന സെക്രട്ടറി നയിക്കുന്ന യാത്ര പാർട്ടിയെ പ്രതിരോധിക്കേണ്ട യാത്രയായി മാറിയെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം. യാത്രയുടെ ലക്ഷ്യങ്ങൾ പൊളിഞ്ഞു. നിയമസഭയിലെ സാങ്കേതിക ഭൂരിപക്ഷമല്ലാതെ ഇപ്പോൾ സർക്കാരിന് ജന പിന്തുണയില്ല. ഇപ്പോൾ നിയമസഭ തെരഞ്ഞെടുപ്പ് നടന്നാൽ ഇടതുപക്ഷത്തിന് കെട്ടി വച്ച കാശ് കിട്ടില്ല. കേരളത്തിലെ പല സിപിഎം നേതാക്കൾക്കും പിന്നാലെയും ഇഡിയുണ്ട്. ഇഡി യുടെ ഇടപെടലുകൾ രാഷ്ട്രീയമാണെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. എന്തായാലും വസ്‌തുത പുറത്ത് വരട്ടെയെന്നും പിഎംഎ സലാം പറഞ്ഞു.
9 ദുരിതാശ്വാസ നിധി തട്ടിപ്പിൽ സിബിഐ അന്വേഷണമില്ല; ആവശ്യം ഹൈക്കോടതി തള്ളി
മുഖ്യമന്ത്രി ദുരിതാശ്വാസ നിധി തട്ടിപ്പ് സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. വിഷയത്തിൽ കേസെടുത്തത് സംസ്ഥാന സർക്കാർ തന്നെയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. സർക്കാർ തന്നെ കേസെടുത്തതിനാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന വാദം അംഗീകരിക്കാനാവില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോൾ സി ബി ഐ അന്വേഷണ വേണമെന്ന ആവശ്യം അപക്വമെന്നും കോടതി പറഞ്ഞു. ദുരിതാശ്വാസ നിധി തട്ടിപ്പിനെ കുറിച്ച് സിബിഐ അല്ലെങ്കിൽ പ്രത്യേക സംഘം അന്വേഷിക്കണം എന്നായിരുന്നു ഹർജിയിലെ ആവശ്യം.
10 ലിയോണിന് എട്ട് വിക്കറ്റ്! പൂജാര മാത്രം പൊരുതി, ഓസീസിന് 76 റണ്‍സ് വിജയലക്ഷ്യം
എട്ട് വിക്കറ്റുമായി സ്‍പിന്നർ നേഥന്‍ ലിയോണ്‍ വട്ടംകറക്കിയപ്പോള്‍ ഇന്‍ഡോറില്‍ നട്ടംതിരിഞ്ഞ് ടീം ഇന്ത്യ. ഇന്ത്യക്ക് എതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് 76 റണ്‍സ് മാത്രമാണ് വിജയലക്ഷ്യം. 88 റണ്‍സിന്‍റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യക്ക് 163 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വെറും 75 റണ്‍സ് മാത്രമാണ് രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞ ലീഡ്. രണ്ടാംമതില്‍ എന്ന വിശേഷം അരക്കിട്ടുറപ്പിച്ച് ചേതേശ്വർ പൂജാര നടത്തിയ പ്രതിരോധം മാത്രമാണ് ടീം ഇന്ത്യക്ക് രണ്ടാംദിനം പ്രതീക്ഷയായത്. പൂജാര 142 പന്തില്‍ 59 റണ്‍സെടുത്തു. മറ്റാരും 30 കടന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam