Today's news Headlines: ട്രംപിന്‍റെ 'അധിക തീരുവ' മറികടക്കാൻ ഇന്ത്യ, മോദി ജപ്പാനിലേക്ക്; ഇന്ന് മഴ മുന്നറിയിപ്പ്, താമരശ്ശേരി ചുരത്തിൽ സുരക്ഷ പരിശോധന, ഇന്നറിയാൻ

Published : Aug 28, 2025, 06:35 AM IST
India US Modi Trump Thumb

Synopsis

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചുമത്തിയ അധിക തീരുവ നിലവിൽ വന്നതും അതിനോടുള്ള ഇന്ത്യയുടെ പ്രതികരണവും അടക്കം നിരവധി വാർത്തകളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.  

മേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചുമത്തിയ അധിക തീരുവ നിലവിൽ വന്നതും അതിനോടുള്ള ഇന്ത്യയുടെ പ്രതികരണവും അടക്കം നിരവധി വാർത്തകളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ ഷാഫി പറമ്പിൽ എംഎൽഎയെ തടഞ്ഞ ഡിവൈഎഫ്ഐക്കെതിരായ പ്രതിഷേധം കൂടുതൽ ശക്തമായേക്കും. ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. താമരശ്ശേരി ചുരത്തിൽ ഇന്ന് സുരക്ഷ പരിശോധനയുണ്ടാകും. ശേഷം മാത്രം സാധാരണഗതിയിലുള്ള ഗതാഗതം അനുവദിക്കൂ.  

ട്രംപ് ചുമത്തിയ അധിക തീരുവ നിലവിൽ

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചുമത്തിയ അധിക തീരുവ നിലവിൽ വന്ന സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്. ഇന്ന് കൂടുതൽ ചർച്ചകൾക്കും തീരുമാനങ്ങൾക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. മറ്റു രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ കയറ്റുമതി കൂട്ടാനുള്ള നീക്കത്തിലാണ് ഇന്ത്യ. മുൻ വിദേശകാര്യ സെക്രട്ടറിയും രാജ്യസഭാംഗവുമായ ഹർഷ് വർദ്ധൻ ഷിംഗ്ള തന്നെ ഇക്കാര്യം വ്യക്തമാക്കി. ഇന്ത്യയുടെ ജിഡിപി വളർച്ചയെ ബാധിക്കാൻ ഇടയുള്ള ട്രംപിന്‍റെ അധിക തീരുവ നിലവിൽ വന്ന ശേഷമുള്ള സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ടെക്സ്റ്റൈൽസ് അടക്കമുള്ള മേഖലകളെ പ്രഖ്യാപനം ബാധിച്ചു കഴിഞ്ഞെന്നാണ് വിലയിരുത്തൽ. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്താനാണ് സർക്കാർ നീക്കം. ഇന്ന് തുടങ്ങുന്ന പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനത്തിനിടയിലും കയറ്റുമതി ചർച്ചയാവും.

ഇന്ന് കനത്ത മഴക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം, ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല

കേരള - കർണാടക തീരങ്ങളിൽ ഇന്നും ലക്ഷദ്വീപ് തീരത്ത് 29/08/2025 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - കർണാടക തീരങ്ങളിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ലക്ഷദ്വീപ് തീരത്ത് 29 -ാം തിയതി വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നാണ് അറിയിപ്പ്.

താമരശ്ശേരി ചുരത്തിൽ ഇന്ന് സുരക്ഷ പരിശോധന, ശേഷം മാത്രം സാധാരണഗതിയിലുള്ള ഗതാഗതം

താമരശ്ശേരി ചുരത്തിൽ ഇന്ന് രാവിലെ സമ്പൂർണ സുരക്ഷ പരിശോധന. മണ്ണും മരവും വീണുണ്ടായ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും സാധാരണഗതിയിലുള്ള ഗതാഗതം സാധ്യമാകുക ഇന്നത്തെ സുരക്ഷ പരിശോധനക്ക് ശേഷമാകും.

26 മണിക്കൂറോളം നീണ്ടുനിന്ന പ്രവൃത്തികള്‍ക്കൊടുവിൽ ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് ചുരത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടത്. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം റോഡിലേക്ക് വീണ മണ്ണും പാറകളും നീക്കം ചെയ്ത് റോഡ് കഴുകി വൃത്തിയാക്കിയതിനുശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. വൈത്തിരിയിലും ലക്കിടിയിലും ചുരത്തിലുമടക്കം കുടുങ്ങി കിടന്ന എല്ലാ വാഹനങ്ങളും കടന്നുപോകാൻ അനുവദിച്ചു. ഈ വാഹനങ്ങളെല്ലാം കടത്തിവിട്ടശേഷം സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി ചുരം അടച്ചു. ഇന്ന് രാവിലെ സുരക്ഷ പരിശോധന നടത്തിയശേഷമായിരിക്കും സാധാരണഗതിയിലുള്ള ഗതാഗതം അനുവദിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.

വിജിലിന്‍റെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും

കോഴിക്കോട് സരോവരത്ത് സുഹൃത്തുക്കൾ കെട്ടിതാഴ്ത്തിയ വിജിലിന്റെ മൃതദേഹം കണ്ടെത്താനുള്ള തെരച്ചിൽ ഇന്നും തുടരും. സരോവരത്ത് ചതുപ്പിന് അകത്ത് ഒന്നാം പ്രതി നിഖിൽ കാണിച്ച സ്ഥലത്താണ് പരിശോധന. വെള്ളക്കെട്ട് വറ്റിച്ചു, മണ്ണ് നീക്കിയുമാണ് തെരച്ചിൽ പുരോഗമിക്കുന്നത്. സംഭവം നടന്നിട്ട് ആറര വർഷം പിന്നിട്ടത്തിനാൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തുക നിർണായകമാണ്. ഫോറൻസിക് ടീമും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്നലെ കനത്ത മഴയെ തുടർന്ന് നിർത്തിവച്ച തിരച്ചിലാണ് ഇന്ന് പുനരാരംഭിക്കുക.

സ്കൂളുകളിലെ ഓണാഘോഷത്തിൽ വേർതിരിവ് പരാതി, അന്വേഷിക്കാൻ ഇന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളുകളിലെത്തും

ഓണാഘോഷങ്ങളിൽ നിന്ന് ഒരു വിഭാഗം കുട്ടികളെ ഒഴിവാക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട പരാതികളിൽ അന്വേഷണം നടത്തുന്നതിന്‍റെ ഭാഗമായി ഇന്ന് സ്കൂളിൽ ഓണാഘോഷം നടക്കുമ്പോൾ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും എത്തും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം ഇന്നലെ വ്യക്തമാക്കിയത്. ഒരു വിഭാഗം കുട്ടികളെ ഓണാഘോഷത്തിൽ നിന്ന് ഒഴിവാക്കുന്നുവെന്ന പരാതി വളരെ ഗുരുതരമായ പ്രശ്നമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ജാതിയും മതവും നോക്കിയല്ല കുട്ടികളെ പരിഗണിക്കുന്നത്. എല്ലാ ആഘോഷങ്ങളും അവർക്ക് സന്തോഷിക്കാനുള്ള അവസരമാണ്. കുട്ടികളുടെ മനസ്സിൽ വേർതിരിവുകൾ ഉണ്ടാക്കരുത്. സ്കൂളുകളിലെ ആഘോഷങ്ങളിൽ യാതൊരു വേർ തിരിവുകൾ അനുവദിക്കില്ല. വിഷയത്തെ സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. തൃശൂർ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ഇക്കാര്യത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായാണ് ഇന്ന് സ്കൂളിൽ ഓണാഘോഷം നടക്കുമ്പോൾ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളുകളിൽ എത്തുന്നത്.

ഷാഫിക്കെതിരായ പ്രതിഷേധത്തിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ്, ഇന്ന് പ്രതിഷേധം കനക്കും

വടകരയിൽ ഷാഫി പറമ്പിൽ എം എൽ എക്ക് നേരെ ഡി വൈ എഫ് ഐ - എസ് എഫ് ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിന് തിരിച്ചടി നൽകാൻ കോൺഗ്രസ്. സംസ്ഥാന വ്യാപകമായും കോഴിക്കോട് ജില്ലയിലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിട്ടുള്ളത്. ഡി വൈ എഫ് ഐ - എസ് എഫ് ഐ പ്രതിഷേധത്തിൽ ഉയർന്നത് സംസ്കാര ശൂന്യമായ പദങ്ങളാണെന്നും പൊലീസ് മൗനാനുവാദം നൽകിയെന്നും ആരോപിച്ചാണ് കോൺഗ്രസ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. യു ഡി എഫും ആർ എം പിയും മണ്ഡലങ്ങൾ തോറും പ്രതിഷേധിക്കമെന്ന് കോഴിക്കോട് ഡി സി സി അധ്യക്ഷൻ വ്യക്തമാക്കി.

ഓണത്തിന് സ്പെഷ്യൽ ട്രെയിൻ, ഇന്ന് തുടങ്ങും

ഓണക്കാലം പരിഗണിച്ച് ചെന്നൈ - കണ്ണൂര്‍ സ്പെഷ്യല്‍ ട്രെയിൻ അനുവദിച്ചു. ഇന്ന് രാത്രി 11.55 ന് ചെന്നൈയില്‍ നിന്ന് ആദ്യ ട്രെയിൻ പുറപ്പെടും. വെള്ളിയാഴ്ച രാത്രി 9.30ന് കണ്ണൂരില്‍ നിന്ന് ചെന്നൈയിലേക്കും സര്‍വീസ്.

ഗുരുവായൂർ ക്ഷേത്രത്തിലെ പ്രശസ്തമായ ഇല്ലം നിര ഇന്ന്

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലം നിറ. വ്യാഴാഴ്ച പകൽ 11 മുതൽ 1.40 വരെയുള്ള ശുഭമുഹൂർത്തത്തിലാണ് ചടങ്ങ്. ആദ്യ കൊയ്ത്തിന്‍റെ നെല്ല് ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കുന്ന പുണ്യ പ്രസിദ്ധമായ ചടങ്ങിനുള്ള കതിർ കറ്റകൾ നേരത്തെ തന്നെ എത്തിച്ചിരുന്നു. അഴീക്കൽ, മനയം പാരമ്പര്യ അവകാശി കുടുംബാംഗങ്ങൾ ബുധനാഴ്ച രാവിലെ കതിർക്കറ്റകൾ ക്ഷേത്രം കിഴക്കേ ഗോപുരത്തിന് സമീപമെത്തിച്ചു. ദേവസ്വം ഭരണസമിതി അംഗം സി മനോജാണ് കതിർക്കറ്റകൾ ഏറ്റുവാങ്ങിയത്. അഴീക്കൽ കുടുംബാംഗം വിജയൻ നായർ, മനയം കുടുംബാംഗം കൃഷ്ണകുമാർ, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, അസി. മാനേജർ സുശീല, സി എസ് ഒ മോഹൻകുമാർ, മറ്റ് ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

 

 

PREV
Read more Articles on
click me!

Recommended Stories

പാർലമെന്‍റിൽ റെയിൽവേ മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം, 'ഇക്കാര്യത്തിൽ പല യൂറോപ്യൻ രാജ്യങ്ങളേക്കാൾ മുന്നിൽ'; കൃത്യ സമയം പാലിച്ച് ട്രെയിനുകൾ!
ഇൻഡി​ഗോ ചതിച്ചപ്പോൾ യാത്രക്കാരെ ചേർത്തുപിടിച്ച് ഇന്ത്യൻ റെയിൽവേ 37 ട്രെയിനുകളിൽ സ്ലീപ്പർ കോച്ച് വർധിപ്പിച്ചു