Latest Videos

പ്രിൻസിപ്പലിനെ പുറത്താക്കി സ്കൂൾ അധികൃതർ, നടപടി ഒരു പോർട്ടലിൽ വന്ന നുണകളുടെ അടിസ്ഥാനത്തിലെന്ന് അധ്യാപിക

By Web TeamFirst Published May 8, 2024, 2:55 PM IST
Highlights

പർവീൺ ഷെയ്ഖിന്‍റെ സോഷ്യൽ മീഡിയയിലെ ഇടപെടലുകള്‍ തങ്ങൾ വിലമതിക്കുന്ന മൂല്യങ്ങള്‍ക്ക് എതിരാണ് എന്നാണ് സ്കൂള്‍ ട്രസ്റ്റിന്‍റെ വിശദീകരണം.

മുംബൈ: സോഷ്യൽ മീഡിയയിലെ അഭിപ്രായ പ്രകടനങ്ങള്‍ സ്കൂളിന്‍റെ മൂല്യങ്ങള്‍ക്ക് എതിരാണെന്ന കാരണം പറഞ്ഞ് പ്രിൻസിപ്പലിനെ പുറത്താക്കി സ്കൂള്‍ അധികൃതർ. മുംബൈയിലെ പ്രമുഖ സോമയ്യ വിദ്യാവിഹാർ എന്ന സ്കൂളിന്‍റെ പ്രിൻസിപ്പലായിരുന്ന പർവീൺ ഷെയ്ഖിനെയാണ് പുറത്താക്കിയത്. സ്കൂള്‍ അധികൃതർ പിരിച്ചുവിടൽ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. എന്നാൽ തനിക്കെതിരെയുണ്ടായത് രാഷ്ട്രീയ പ്രേരിത നീക്കമാണെന്നും കോടതിയെ സമീപിക്കുമെന്നും പർവീൺ പറഞ്ഞു.  

12 വർഷമായി സോമയ്യ വിദ്യാവിഹാർ സ്കൂളിലെ അധ്യാപികയായ പർവീണ്‍, കഴിഞ്ഞ ഏഴ് വർഷമായി സ്കൂള്‍‌ പ്രിൻസിപ്പലാണ്. പർവീൺ ഷെയ്ഖിന്‍റെ സോഷ്യൽ മീഡിയയിലെ ഇടപെടലുകള്‍ തങ്ങൾ വിലമതിക്കുന്ന മൂല്യങ്ങള്‍ക്ക് എതിരാണ് എന്നാണ് സ്കൂള്‍ ട്രസ്റ്റിന്‍റെ വിശദീകരണം. ആവിഷ്കാര സ്വാതന്ത്ര്യമെന്ന അവകാശത്തെ ശക്തമായി പിന്തുണയ്ക്കുന്നുവെന്നും എന്നാൽ അത് ഉത്തരവാദിത്തത്തോടെ വിനിയോഗിക്കണമെന്നും സ്കൂള്‍ അധികൃതർ വ്യക്തമാക്കി. 

ഒരു ഓണ്‍ലൈൻ പോർട്ടലും ഒരു രാഷ്ട്രീയ നേതാവും തനിക്കെതിരെ അപകീർത്തികരമായ നുണകൾ പ്രചരിപ്പിക്കുന്നുവെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് തന്നെ നിയമവിരുദ്ധമായി പിരിച്ചുവിട്ടതെന്നും അധ്യാപിക പ്രതികരിച്ചു. രാഷ്ട്രീയ പ്രേരിതമാണ് തനിക്കെതിരായ നടപടി. അപകീർത്തി ക്യാമ്പെയിൻ നടക്കുമ്പോള്‍, സ്കൂള്‍ അധികൃതർ തന്‍റെ കൂടെ നിൽക്കാത്തതിൽ നിരാശയുണ്ടെന്ന് പർവീണ്‍ പറഞ്ഞു. നിയമ വ്യവസ്ഥയിലും ഇന്ത്യൻ ഭരണഘടനയിലും ഉറച്ച വിശ്വാസമുണ്ട്. അന്യായ പിരിച്ചുവിടലിനെതിരെ കോടതിയെ സമീപിക്കുമെന്നും പർവീണ്‍ വ്യക്തമാക്കി. 

പർവീണ്‍ ഷെയ്ഖ് ഹമാസ് അനുകൂല പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്നുവെന്ന് ഒപ്ഇന്ത്യ എന്ന പോർട്ടൽ ഏപ്രിൽ 24ന് ലേഖനം പബ്ലിഷ് ചെയ്തിരുന്നു. ഉമർ ഖാലിദിനെയും സാക്കിർ നായിക്കിനെയും അനുകൂലിക്കുന്ന പോസ്റ്റുകളും പർവീണ്‍ ലൈക്ക് ചെയ്തെന്ന് ലേഖനത്തിൽ പറയുന്നു. പിന്നാലെ അടുത്ത ദിവസം സ്കൂള്‍ ട്രസ്റ്റ് അംഗങ്ങള്‍ പർവീണിനോട് രാജിവെയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം പർവീണ്‍ അംഗീകരിച്ചില്ല. തുടർന്നാണ്  പർവീൺ ഷെയ്ഖുമായുള്ള സ്കൂളിന്‍റെ ബന്ധം അവസാനിപ്പിക്കുന്നതായി സ്കൂള്‍ അധികൃതർ പ്രസ്താവന ഇറക്കിയത്. 

Our Media Statement on 7th May 2024 pic.twitter.com/CFgOS6oCvb

— Somaiya Vidyavihar (@SomaiyaTrust)

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!