
കോഴിക്കോട്: വടകര ഓര്‍ക്കാട്ടേരിയിൽ ആര്‍എംപി നേതാവായിരുന്ന ടിപി ചന്ദ്രശേഖരന്റെ സ്മാരകം ഉദ്ഘാടനം ചെയ്തു. നൂറ് കണക്കിന് പേരെ സാക്ഷിയാക്കി ആർഎംപിഐ അഘിലേന്ത്യാ ജനറൽ സെക്രട്ടറി മാംഗത് റാം പസ്ളയാണ് സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ലൈബ്രറിയും കരിയർ ഗൈഡൻസ് സെന്ററും ഓഡിറ്റോറിയവും അടങ്ങുന്നതാണ് മൂന്ന് നില കെട്ടിടം.
അതേസമയം ഇന്ന് വൈകുന്നേരം നടക്കുന്ന ടിപി അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിൽ നിന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിട്ടുനിന്നതിനെതിരെ കടുത്ത വിമര്‍ശനമാണ് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എൻ വേണു ഉന്നയിച്ചത്. സിപിഎം വിലക്കിയതുകൊണ്ടാണ് എംപി വീരേന്ദ്രകുമാറും, കാനം രാജേന്ദ്രനുമെല്ലാം ചടങ്ങിൽ നിന്ന് വിട്ടുനിന്നതെന്ന് അദ്ദേഹം പറഞ്ഞു.
"കാനം മാത്രമല്ലല്ലോ, സിപിഐയിലെ ഒരു നേതാവും പങ്കെടുക്കുന്നില്ല. കാനത്തോട് ഞാൻ ആവശ്യപ്പെട്ടത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ്. അദ്ദേഹത്തിന് സാധിക്കില്ലെങ്കിൽ മറ്റൊരാളെ ഉദ്ഘാടകനായി നിര്‍ദ്ദേശിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയായിട്ടുള്ള സത്യൻ മൊകേരിയെ ക്ഷണിച്ചു. അദ്ദേഹത്തിന് സമയമില്ല. മുല്ലക്കര രത്നാകരന് സമയമില്ല. സിപിഐഎമ്മിന്റെ ഫാസിസ്റ്റ് നിലപാടുകൾ, നിങ്ങൾ വായടക്കൂ എന്ന് പറഞ്ഞപ്പോൾ അവര്‍ വായടക്കി എന്നതാണ് പ്രശ്നം," വേണു വിമര്‍ശിച്ചു.
കാനം പിൻമാറിയ സാഹചര്യത്തിൽ ഇന്ന് വൈകിട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ടിപി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സി പി എം, ബി ജെ പി ഒഴികെയുള്ള രാഷ്ട്രിയ പാർട്ടി നേതാക്കളെ ക്ഷണിച്ചിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള പ്രമുഖ യുഡിഎഫ് നേതാക്കളും ചടങ്ങിനെത്തും. 2012 മെയ് നാലിനായിരുന്നു ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളടക്കമുള്ള പ്രതികൾ കേസിൽ ശിക്ഷ അനുഭവിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam