
ദില്ലി: നവംബർ ഒന്നിന് രാംലീല മൈതാനിയിൽ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ സഖ്യത്തിൻ്റെ റാലി മാറ്റിവെക്കണമെന്ന ആവശ്യവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് വീണ്ടും കത്തെഴുതി ദില്ലിയിലെ വ്യാപാരികളുടെ സംഘടന. ചേംബർ ഓഫ് ട്രേഡ് ആൻ്റ് ഇൻഡസ്ട്രി (സിടിഐ) ആണ് ബുധനാഴ്ച കത്തെഴുതിയത്. റാലിയിലെ ജനബാഹുല്യം മാർക്കറ്റുകളിൽ ദീപാവലിയോട് അനുബന്ധിച്ചുള്ള കച്ചവടത്തിന് തടസ്സം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സിടിഐ കത്തെഴുതിയിരിക്കുന്നത്. ദീപാവലി വരെ റാലി നടത്തരുതെന്ന് ആവശ്യപ്പെടുന്ന സിടിഐ, തങ്ങളുമായി കൂടിക്കാഴ്ച നടത്താൻ 20 മിനിറ്റ് നേരം രാഹുൽ ഗാന്ധി അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ദില്ലിയിലെ 20 മാർക്കറ്റുകളിൽ നിന്നുള്ള പ്രതിനിധികൾക്ക് തങ്ങളുടെ ആശങ്കകൾ പങ്കുവെക്കാൻ അവസരം അനുവദിക്കണമെന്ന് സിടിഐ ചെയർമാർ ബ്രിജേഷ് ഗോയൽ കത്തിൽ ആവശ്യപ്പെട്ടു. തങ്ങൾ പോരിന് ഇല്ല. ചർച്ചകളാണ് വേണ്ടത്. ചെറുകിട കച്ചവടക്കാരടക്കം എല്ലാവരുടെയും ശബ്ദം കേൾക്കുന്ന ആളാണ് താനെന്നാണ് രാഹുൽ ഗാന്ധി സ്വയം പറയുന്നത്. 20 മാർക്കറ്റുകളിൽ നിന്നുള്ള വ്യാപാരികളായ തങ്ങൾ 20 മിനിറ്റ് ആവശ്യപ്പെടുകയാണ്. ഇത് ജനാധിപത്യത്തിൻ്റെ സൗന്ദര്യമാണെന്നും ബ്രിജേഷ് ഗോയൽ കത്തിൽ വ്യക്തമാക്കി.
റാലി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുമെന്നും കച്ചവടം വർധിപ്പിക്കുമെന്നും പ്രതിനിധികളെ ബോധ്യപ്പെടുത്താൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞാൽ സമരം പിൻവലിക്കാമെന്നും വ്യാപാരികളുടെ സംഘടന നിർദേശിച്ചു. എന്നാൽ, റാലി കാരണം തങ്ങൾക്ക് നഷ്ടമുണ്ടാകുമെന്ന് വ്യാപാരികൾക്ക് രാഹുൽ ഗാന്ധിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ, ദീപാവലിക്ക് ശേഷമുള്ള ഒരു തീയതിയിലേക്ക് ഇത് മാറ്റിവെക്കാൻ രാഹുൽ തയ്യാറാകണമെന്നും സിടിഐ ആവശ്യപ്പെട്ടു.
കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണ ആണ് സിടിഐ രാഹുൽ ഗാന്ധിക്ക് കത്തെഴുതുന്നത്. ഇക്കഴിഞ്ഞ 24ന് രാഹുൽ ഗാന്ധിക്ക് എഴുതിയ കത്തിൽ, ദില്ലിയിലെ ഏറ്റവും തിരക്കേറിയ സീസണിൽ നടക്കുന്ന റാലി മാറ്റിവെക്കണെമന്ന് സിടിഐ ആവശ്യപ്പെട്ടിരുന്നു. രാംലീല മൈതാനിയുടെ അഞ്ചുകിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന ചാന്ദ്നി ചൗക്ക്, ഭഗീരഥ് പാലസ്, കരോൾ ബാഗ്, ചോരി ബസാർ അടക്കമുള്ള മാർക്കറ്റുകളെ റാലി ബാധിക്കുമെന്നാണ് സിടിഐ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam