
പാറ്റ്ന: ബിഹാറിലെ സമസ്തിപൂരിൽ വിവിപാറ്റ് സ്ലിപ്പുകൾ നടുറോഡിൽ കണ്ടെത്തിയത് വിവാദമാകുന്നു. വലിയ അളവിൽ വോട്ടർ വെരിഫൈബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (VVPAT) സ്ലിപ്പുകൾ ചിതറിക്കിടക്കുന്നതിന്‍റെ വീഡിയോ ആണ് പുറത്ത് വന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ നിന്ന് പുറത്തുവന്ന സ്ലിപ്പുകളാണിതെന്ന് ആര്‍ജെഡി ആരോപിച്ചു. എന്നാൽ, ഈ സ്ലിപ്പുകൾ കഴിഞ്ഞ വ്യാഴാഴ്ചത്തെ യഥാർത്ഥ വോട്ടെടുപ്പിന് മുൻപ് നടത്തിയ മോക്ക് പോളിൽ നിന്നുള്ളതാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മോക്ക് പോളിന് ശേഷം അധികമുള്ള സ്ലിപ്പുകൾ മുറിച്ചു നീക്കിയിരുന്നുവെന്നും, എന്നാൽ ചിലത് കീറി നശിപ്പിക്കാതെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നും സമസ്തിപൂർ ജില്ലാ മജിസ്‌ട്രേറ്റ് റോഷൻ കുശ്വാഹ പറഞ്ഞു.
"ഞങ്ങൾ സ്ഥലം പരിശോധിച്ചു, ഈ സ്ലിപ്പുകൾ മോക്ക് പോളിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി. ചിലത് ശരിയായ രീതിയിൽ നശിപ്പിച്ചിരുന്നില്ല. ഇവിഎം നമ്പറുകൾ ഉപയോഗിച്ച് ഉത്തരവാദികളായ പോളിംഗ് ജീവനക്കാരെ തിരിച്ചറിയാൻ കഴിയും, അവർക്കെതിരെ നടപടിയെടുക്കും" ഡിഎം പറഞ്ഞു. സ്ഥാനാർത്ഥികളെ സംഭവത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറലായ വീഡിയോയിൽ പാർട്ടി ചിഹ്നങ്ങൾ അച്ചടിച്ച സ്ലിപ്പുകൾ നാട്ടുകാർ എടുക്കുന്നതും കാണാം.
ഈ സംഭവത്തിന് പിന്നാലെ, ബന്ധപ്പെട്ട അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർക്ക് എതിരെ കർശന നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. അശ്രദ്ധയുടെ പേരിൽ എആർഒയെ സസ്പെൻഡ് ചെയ്തു എന്നും ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ സ്ഥിരീകരിച്ചു. സ്ഥലത്ത് നേരിട്ടുള്ള അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ഡിഎമ്മിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
ഈ സംഭവം വോട്ടെടുപ്പ് പ്രക്രിയയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പിന്‍റെ സുതാര്യത നിലനിർത്തുന്നുണ്ടെന്നും അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി. എല്ലാ മണ്ഡലങ്ങളിലും യഥാർത്ഥ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ്, പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും പ്രവർത്തനം പരിശോധിക്കുന്നതിനായി മോക്ക് പോളുകൾ നടത്തുന്നത്. ഈ ട്രയലുകളിലെ വിവരങ്ങൾ വോട്ടെടുപ്പ് തുടങ്ങുന്നതിന് മുൻപ് മായ്ച്ചുകളയുന്നതാണ്.