
ബീഹാർ: ഒഡീഷയിലെ ഗോത്രവിഭാഗങ്ങൾക്കിടയിലും കൊവിഡ് പിടിമുറുക്കുന്നു. പ്രാചീന ഗോത്രവിഭാഗങ്ങളിലെ 21 പേരിലാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇപ്പോൾ രോഗബാധിതരുടെ എണ്ണം 45 ലേക്ക് എത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഒറ്റപ്പെട്ടുള്ള ജീവിതം, ജനസംഖ്യയിലെ കുറവ്, താഴ്ന്ന സാക്ഷരതാ നിരക്ക്, കൃഷി വേട്ടയാടൽ എന്നിവയിലൂടെ ഭക്ഷണം കണ്ടെത്തൽ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ഗോത്രവിഭാഗത്തെ കേന്ദ്രസർക്കാർ പ്രാചീന ഗോത്രവിഭാഗ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വെള്ളിയാഴ്ച വരെ ഇവരിലെ രോഗികളുടെ എണ്ണം 21 ആയിരുന്നു. ശനിയാഴ്ചയോടെ ബൊണ്ട ഗോത്രത്തിൽ പെട്ട 10 പേരിലും ദൊംഗാരിയകൊന്ത സമുദായത്തിലെ 14 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. റായ്ഗഡ് ജില്ലയിലെ പകേരി ഗ്രാമത്തിൽ താമസിക്കുന്ന ദൊംഗാരിയ കൊന്ത വിഭാഗത്തിൽ പെട്ട 19 പേരിലും കൊവിഡ് ബാധ കണ്ടെത്തിയിട്ടുണ്ട്. റായ്ഗഡ, കോരാപുട്ട് ജില്ലകളുടെ അതിർത്തിയിലുള്ള നിയാംഗിരി കുന്നുകളിലാണ് ദൊംഗാരിയകൊന്ത ഗോത്രവിഭാഗങ്ങൾ താമസിക്കുന്നത്. ഇവർ അപൂർവ്വമായി മാത്രമേ താഴ്വരയിലേക്ക് ഇറങ്ങി വരാറുള്ളൂ. ബൊണ്ട ഗോത്രത്തിലെ രോഗം സ്ഥിരീകരിച്ചവരിൽ ചിലർ സുഖം പ്രാപിച്ചതായും മറ്റ് അവശേഷിച്ചവർ വീട്ടിൽ സമ്പർക്ക വിലക്കിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
'രോഗബാധിതരുടെ ആരോഗ്യസ്ഥിതിയെക്കുച്ച് സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അവർക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കുന്നുണ്ട്.' ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ഏപ്രിൽ 26നാണ് ബൊണ്ട ഗോത്രത്തിൽ ആദ്യത്തെ കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഒഡീഷ സർക്കാർ ആഴ്ച ചന്ത നിർത്തലാക്കിയിരുന്നു. പിന്നീട് ആന്ധ്രയിലെ അനകാദിൽ മാർക്കറ്റിലാണ് ഈ ഗോത്രത്തിൽ നിന്നുള്ളവർ സാധനങ്ങൾ വാങ്ങാൻ പോയിരുന്നത്. ഇവിടെ നിന്നാകാം ഇവരിലേക്ക് കൊവിഡ് എത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അനുമാനിക്കുന്നു. കൊവിഡിന്റെ ആദ്യതരംഗത്തിൽ ഇവരിൽ രോഗബാധ സംഭവിച്ചിരുന്നില്ല. ഒഡിഷയിലെ 62 ഗോത്രവിഭാഗങ്ങളിൽ 13 എണ്ണം പ്രാചീന ഗോത്രങ്ങളിൽ ഉൾപ്പെട്ടവയാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ 22.8 ശതമാനമാണിവർ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam