
തിരുച്ചിറപ്പള്ളി: ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങളെ വിഫലമാക്കി സുജിത് വില്‍സണ്‍ യാത്രയായി. തിരുച്ചിറപ്പള്ളിയിൽ കുഴല്‍ക്കിണറിൽ വീണ രണ്ടര വയസ്സുകാരന്‍ സുജിത് മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്. കുട്ടിയുടെ മൃതദേഹം കുഴല്‍ക്കിണറിനുള്ളിലൂടെ തന്നെ പുറത്തെടുത്തു. മൃതദേഹം മടപ്പാറയിലെ ആശുപത്രിയിലേക്ക് മാറ്റുന്നു. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ബലൂൺ ടെക്നോളജിയും എയർ ലോക്കിങ് സാങ്കേതിക സംവിധാനവും ഉപയോഗിച്ചാണ് മൃതദേഹം പുറത്ത് എടുത്തത്. ശരീര ഭാഗങ്ങളായാണ് ആദ്യം പുറത്തെത്തിച്ചതെന്നും 68 അടി താഴ്ചയിലും പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും രക്ഷാപ്രവർത്തനത്തിന്റെ ചുമതലയുണ്ടായിരുന്ന എൻഡിആർഎഫ് ഡെപ്യൂട്ടി കമൻഡൻറ് ജിതേഷ് ടിഎം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
നെഞ്ചുരുകി തമിഴകം; കുഴല്‍ കിണറില്‍ വീണ കുഞ്ഞ് കൂടുതല്‍ ആഴത്തിലേക്ക് പതിച്ചു
കുട്ടിയെ രക്ഷിക്കാനായി സമാന്തര കിണർ നിർമ്മിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് കുട്ടി മരിച്ചുവെന്ന സ്ഥിരീകരിച്ചത്. കുഴല്‍ക്കിണറില്‍ വീണിട്ട് നാല് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവരും.
കുട്ടി വീണു കിടക്കുന്ന കുഴല്‍ക്കിണറിന് സമാന്തരമായി വലിയ കിണര്‍ കുഴിച്ച് അതില്‍ നിന്നും കുട്ടി വീണ കിണറ്റിലേക്ക് തുരങ്കം നിർമ്മിച്ച് കുട്ടിയെ രക്ഷിക്കാനായിരുന്നു ശ്രമം. പ്രദേശത്തെ ഭൂമിയില്‍ പാറക്കെട്ടുകളുടെ സാന്നിധ്യം കണ്ടതിനാൽ മറ്റ് സാധ്യതകൾ ഉപേക്ഷിച്ചിരുന്നു. കാഠിന്യമേറിയ പാറകളാണ് ക്ഷാപ്രവർത്തനം സാധ്യതകളെ ഇല്ലാതാക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സുജിത് കുഴല്‍ക്കിണറില്‍ വീണത്. ആദ്യം 26 അടിയില്‍ കുട്ടി തങ്ങി നിന്നിരുന്നു. പിന്നീട് രക്ഷാപ്രവര്‍ത്തനത്തിനിടെ 85 അടി താഴ്ചയിലേക്ക് വീണു. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ 5 മണിവരെ കുട്ടിയുടെ പ്രതികരണം ലഭിച്ചിരുന്നു. രാജ്യം മുഴുവന്‍ കുട്ടിയുടെ ജീവനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നതിനിടെയാണ് കുട്ടി മരിച്ചെന്ന സ്ഥിരീകരണമെത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam