
ദില്ലി: മമത ബാനർജിക്ക് കനത്ത തിരിച്ചടിയായി തൃണമൂൽ കോൺഗ്രസിൽ വീണ്ടും രാജി. തൃണമൂൽ കോൺഗ്രസ് എംപി സുഷ്മിത ദേവ് രാജ്യസഭാം അംഗത്വം രാജിവെച്ചു. മമതയുടെ വിശ്വസ്തനായിരുന്ന സുഖേന്ദു ശേഖർ റോയ് രാജ്യസഭയിൽ നിന്ന് രാജിവെച്ച് ഒരാഴ്ച തികയുന്നതിന് മുമ്പാണ് അടുത്ത രാജി. ഇതോടെ തൃണമൂൽ കോൺഗ്രസിൻറെ രാജ്യസഭയിലെ സംഖ്യ പതിനൊന്നായി കുറഞ്ഞു. രാജ്യസഭാംഗത്വത്തിൽ നിന്നുള്ള എന്റെ രാജി ഞാൻ ഇതിനാൽ സമർപ്പിക്കുന്നു. ഇത് ഉടനടി പ്രാബല്യത്തിൽ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു-രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണന് അയച്ച കത്തിൽ സുഷ്മിത ദേവ് വ്യക്തമാക്കി.
ആസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി ചർച്ച നടത്തിയ സുഷ്മിത ദേവ് ബിജെപിയിൽ ചേരും. രാജി വെച്ചതിന് തൊട്ടുപിന്നാലെ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ദില്ലിയിലെ വസതിയിൽ അദ്ദേഹത്തോടൊപ്പം സുഷ്മിത നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഇതിൽ 'അസം ബന്ധം' ഉണ്ടോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ഇതിൽ അസം ബന്ധം മാത്രമാണുള്ളത്" എന്ന് സുഷ്മിത മറുപടി നൽകി.
അസമിലെ സിൽച്ചറിൽ നിന്നുള്ള കോൺഗ്രസ് ലോക്‌സഭാ എംപിയായിരുന്ന സുഷ്മിത ദേവ്, 2019-ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമാണ് 2021-ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. അന്ന് "ജനസേവനത്തിന്റെ പുതിയൊരു അധ്യായം" തുടങ്ങുകയാണെന്നാണ് സുഷ്മിത പറഞ്ഞിരുന്നത്. അസമിലെ പ്രമുഖ കോൺഗ്രസ് നേതാവും സ്വാധീനമുള്ള ബംഗാളി നേതാവുമായിരുന്ന സന്തോഷ് മോഹൻ ദേവിന്റെ മകളാണ് 53-കാരിയായ സുഷ്മിത ദേവ്. കോൺഗ്രസിന്റെ വനിതാ വിഭാഗമായ 'ഓൾ ഇന്ത്യ മഹിളാ കോൺഗ്രസ്' അധ്യക്ഷയായിരുന്നു. 2021ലാണ് ഇവർ കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ തൃണമൂലിൻറെ തീപ്പൊരി പ്രചാരകയായി മാറിയ സയോനി ഘോഷും മമതയെ കൈവിടുകയാണ്. പ്രത്യേക ബ്ളോക്കാകാനുള്ള കത്തിൽ സയോനി ഘോഷും ഒപ്പുവച്ചതായുള്ള റിപ്പോർട്ട് ഇന്ന് പുറത്തു വന്നു. എല്ലാ എംപിമാരുടെയും പേര് ഇതുവരെ വിമത ഗ്രൂപ്പ് പുറത്തു വിട്ടിട്ടില്ല. പാർട്ടിയിലെ പൊട്ടിത്തെറിക്കിടെ ഇന്ന് ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും കണ്ടു. തൃണമൂൽ കോൺഗ്രസിൽ ലയിക്കും എന്ന അഭ്യൂഹം ഇത് ശക്താക്കിയെങ്കിലും അത്തരമൊരു നീക്കമില്ലെന്നാണ് ടിഎംസി നേതാക്കൾ വിശദീകരിക്കുന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിനുള്ളിൽ വലിയ ആഭ്യന്തര കലഹങ്ങളാണ് നിലനിൽക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam