'ബിപ്ലബ് ഏകാധിപതി, സഹിക്കാൻ വയ്യെ'ന്ന് 12 എംഎൽഎമാർ, ത്രിപുരയിൽ പാളയത്തിൽ പട

By Web TeamFirst Published Oct 12, 2020, 8:27 AM IST
Highlights

ഇന്നലെ രാത്രിയോടെ ഒരു എംഎൽഎ കൂടി കേന്ദ്രനതൃത്വത്തിന് പരാതി നൽകാൻ ദില്ലിയിലെത്തിയെന്നാണ് സൂചന. മുഖ്യമന്ത്രി ഏകാധിപതിയാണെന്നും, ദുർഭരണമാണെന്നും കാട്ടിയാണ് ബിജെപി അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് ഒരു സംഘം എംഎൽഎമാർ പരാതി നൽകിയിരിക്കുന്നത്.

ദില്ലി/ ഗുവാഹത്തി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെതിരെ പാർട്ടിയിൽത്തന്നെ പടയൊരുക്കം. 12 എംഎൽഎമാർ ബിപ്ലബിനെതിരെ പരാതിയുമായി ബിജെപി കേന്ദ്രനേതൃത്വത്തെ സമീപിച്ചു. ഇവരെല്ലാം ദില്ലിയിലെ ത്രിപുര ഭവനിൽ ഇന്നലെ രാത്രിയോടെ എത്തിയിട്ടുണ്ട്. ഇന്ന് ബിജെപി അധ്യക്ഷൻ ജെ പി നദ്ദയെ ഇന്ന് നേരിട്ട് കണ്ട് ഇവർ പരാതി നൽകും.

പാർട്ടിയുടെ നേതൃത്വം ബിപ്ലബ് ദേബ് വന്നതോടെ തീർത്തും ദുർബലമായെന്നും, സംസ്ഥാനത്ത് മുഖ്യമന്ത്രി നടത്തുന്നത് ദുർഭരണമാണെന്നുമാണ് സ്വന്തം ക്യാമ്പിലെ 12 എംഎൽഎമാർ തന്നെ പരാതി പറയുന്നത്. മുൻ ആരോഗ്യമന്ത്രിയും സംസ്ഥാനബിജെപിയിലെ മുതിർന്ന നേതാവുമായ സുദിപ് റോയ് ബർമൻ നേരിട്ട് ജെപി നദ്ദയെ കാണാൻ അനുമതി തേടിയിട്ടുണ്ട്. ഇദ്ദേഹത്തോടൊപ്പം പാർട്ടി ജനറൽ സെക്രട്ടറിമാരിൽ ഒരാളായ ബി എൽ സന്തോഷമുണ്ടാകും എന്നാണ് വിവരം. 

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കാണാൻ ഇവർ അനുമതി തേടിയിട്ടുണ്ട്. ''ഞങ്ങൾ 12 എംഎൽഎമാരാണ് ഇവിടെ എത്തിയിട്ടുള്ളത്. സംസ്ഥാനത്തെ ബിജെപിയിലുള്ള കടുത്ത പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കാനാണ് ഞങ്ങൾ വന്നിട്ടുള്ളത്. പാർട്ടിയിൽ പൂർണമായും ഏകാധിപതിയെപ്പോലെയാണ് ബിപ്ലബ് ദേബ് പ്രവർത്തിക്കുന്നത്. പാർട്ടിയുടെ പ്രതിച്ഛായ തന്നെ ഇടിക്കുന്ന പ്രവർത്തനമാണ് ബിപ്ലബിന്‍റേത്'', എന്ന് എംഎൽഎമാർ പറയുന്നു. 

മണിക് സർക്കാരിന്‍റെ നേതൃത്വത്തിലുള്ള ഇടത് സർക്കാരിനെ അട്ടിമറിച്ചാണ് 2018-ൽ ബിപ്ലബ് ദേബ് ത്രിപുരയുടെ അധികാരം പിടിക്കുന്നത്. രണ്ട് വർഷത്തിനിപ്പുറം, ഈ കാലയളവിൽത്തന്നെ പാർട്ടിയിൽ അന്തച്ഛിദ്രങ്ങൾ ഉടലെടുത്തുകഴിഞ്ഞു എന്നാണ് ഈ നീക്കത്തിലൂടെ തെളിയുന്നത്. ഇങ്ങനെ പോയാൽ സംസ്ഥാനത്ത് ഇടതുപക്ഷമോ കോൺഗ്രസോ വീണ്ടും അധികാരം പിടിക്കുമെന്നാണ് ബിജെപിയിലെ എംഎൽഎമാർ തന്നെ പറയുന്നത്. പല വിഷയങ്ങളിലും അടിസ്ഥാനരഹിതമായ പരാമർശങ്ങളാണ് ബിപ്ലബ് നടത്തുന്നത്. കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനം വളരെ മോശമാണ്. കേന്ദ്രസർക്കാർ നിയോഗിച്ച സംഘം ഇടപെട്ടപ്പോഴാണ് എന്തെങ്കിലും നിയന്ത്രണങ്ങൾ വന്നത്. ഒരു മഹാമാരി പടർന്നുകയറുമ്പോൾ, സംസ്ഥാനത്തിന് ഒരു ആരോഗ്യമന്ത്രി പോലുമില്ല - എംഎൽഎമാർ ചൂണ്ടിക്കാട്ടുന്നു.

പരിചയസമ്പന്നരായ ഐഎഎസ് ഓഫീസർമാർ സംസ്ഥാനം വിടുന്നു. മുഖ്യമന്ത്രിയുടെ ഏകാധിപത്യസ്വഭാവം സഹിക്കാൻ ആർക്കും കഴിയുന്നില്ല. മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയാണ് ബിപ്ലബ്. മിക്ക എംഎൽഎമാർക്കും സംസ്ഥാനത്ത് നേതൃമാറ്റം വേണമെന്ന പൊതുവികാരമാണുള്ളത് - എന്നാണ് അവർ പറയുന്നത്.

എന്നാൽ കോൺഗ്രസിൽ നിന്ന് പണം വാങ്ങിയാണ് ഈ സംഘം എംഎൽഎമാർ ആരോപണമുന്നയിക്കുന്നതെന്നാണ് ബിപ്ലബിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ബിപ്ലബ് ഇതുവരെ ഈ വിഷയത്തിൽ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല. 

click me!