ഇന്ദ്രപ്രസ്ഥം പിടിക്കാൻ കെസിആറും സംഘവും; ടിആർഎസ് ഇനി ഭാരത് രാഷ്ട്ര സമിതി

By Web TeamFirst Published Oct 5, 2022, 2:00 PM IST
Highlights

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയ്ക്ക് പുറത്തും ബിആർഎസ് എന്ന പേരിൽ മത്സരിക്കും. ഇതിന്റെ ഭാഗമായി ദില്ലിയിൽ ഈ മാസം ഒൻപതിന് പൊതുസമ്മേളനം നടത്തും

ഹൈദരാബാദ്: ദേശീയ തലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് തെലങ്കാന രാഷ്ട്ര സമിതിയുടെ പേര് മാറ്റി. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടിയുടെ പുതിയ പേര് ഭാരത രാഷ്ട്ര സമിതി എന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ജെഡിഎസ് നേതാവ് കുമാരസ്വാമിയും തമിഴ്നാട്ടിലെ വിടുതലൈ ചിരുതൈഗൾ കക്ഷി നേതാവ് തിരുമാവളവൻ എന്നിവർ പുതിയ പേര് പ്രഖ്യാപന യോഗത്തിൽ പങ്കെടുത്തു. 2024 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ദേശീയ തലത്തിൽ പ്രതിപക്ഷം ഇല്ലാത്ത വിടവ് നികത്തുമെന്നും തെലങ്കാന മുഖ്യമന്ത്രി വ്യക്തമാക്കി.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയ്ക്ക് പുറത്തും ബിആർഎസ് എന്ന പേരിൽ മത്സരിക്കും. ഇതിന്റെ ഭാഗമായി ദില്ലിയിൽ ഈ മാസം ഒൻപതിന് പൊതുസമ്മേളനം നടത്തും. തെലങ്കാന ഭവനിലാണ് പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം നടന്നത്. പാർട്ടിയുടെ പേര് മാറ്റലുമായി ബന്ധപ്പെട്ട സമ്മേളനത്തോട് അനുബന്ധിച്ച് ഹൈദരരാബാദിലെങ്ങും കെസിആറിന്റെ ഫ്ലക്സ് ബോർഡുകൾ ഉയർന്നു. ഭാവി പ്രധാനമന്ത്രിയെന്നും അഭിനവ അംബേദ്കറെന്നും കെസിആറിനെ വിശേഷിപ്പിച്ചായിരുന്നു പോസ്റ്ററുകളും ബോർഡുകളും ബാനറുകളും ഉയർത്തിയത്.

ദേശീയ തലത്തിൽ കോൺഗ്രസ് ഇതര രാഷ്ട്രീയ കക്ഷികളുടെ ഒരു മുന്നണിയുണ്ടാക്കാനുള്ള ശ്രമത്തിലാണ് ചന്ദ്രശേഖർ റാവു. ഇതിന്റെ ഭാഗമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തേജസ്വി യാദവ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

click me!