
ദില്ലി: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അധികൃതര്‍ക്ക് വെല്ലുവിളിയായി ഒരു പാലം. ട്രംപും ഭാര്യ മെലാനിയയും ആഗ്രയിലെ താജ് മഹല്‍ കാണാന്‍ പോകുമ്പോഴാണ് അധികൃതരെ ആഗ്രയിലെ റെയില്‍വേ പാലം കുഴക്കുന്നത്. പ്രസിഡന്‍റിന്‍റെ 6.4 ടണ്‍ ഭാരമുള്ള കാര്‍ ബീസ്റ്റിനും ഡസനോളം വരുന്ന അകമ്പടി വാഹനങ്ങള്‍ക്കും പോകാനുള്ള ശേഷി പാലത്തിനുണ്ടോ എന്നതാണ് പ്രശ്നം. ആഗ്ര വിമാനത്താവളത്തില്‍ നിന്ന് ട്രംപിനെയും ഭാര്യയെയും കൊണ്ടുപോകുന്നതും വരുന്നതും ഈ കാറിലാണ്. കാര്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തിച്ചു. അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഘടിപ്പിച്ച കൂറ്റന്‍ കാറാണ് ബീസ്റ്റ്. കാറിന് അകമ്പടിയായി നിരവധി സുരക്ഷാ കാറുകളും സഞ്ചരിക്കും. അതിന് പുറമെ, ഇന്ത്യന്‍ സര്‍ക്കാര്‍ ഒരുക്കുന്ന സുരക്ഷാ വാഹനങ്ങളും ട്രംപിനെ അനുഗമിക്കും.
ആഗ്ര വിമാനത്താവളത്തില്‍ നിന്ന് താജ്മഹലിലേക്കുള്ള റോഡിലെ റെയില്‍ ഓവര്‍ ബ്രിഡ്ജ്
വിമാനത്താവളത്തില്‍ നിന്ന് താജ്മഹലിലേക്കുള്ള ചെറിയ വാഹനങ്ങള്‍ മാത്രമാണ് പാലത്തിലൂടെ പോയിരുന്നത്. കാറുകളുടെ തുടര്‍ച്ചയായുള്ള ഭാരം താങ്ങാന്‍ പാലത്തിന് ശേഷിയുണ്ടോ എന്നത് അധികൃതരെ വലക്കുന്നു.
അതിന് പുറമെ, താജ്മഹല്‍ സന്ദര്‍ശനത്തിന് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളും ട്രംപിന്‍റെ സന്ദര്‍ശനത്തിന് തടസ്സമാണ്. താജ്മഹല്‍ പ്രദേശത്തേക്ക് മോട്ടോര്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. ചരിത്ര പ്രധാനമായതിനാലാണ് 1998ല്‍ വാഹനങ്ങള്‍ കടത്തരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. വാഹനമില്ലാതെ ട്രംപിന് ഇത്രയുമധികം സഞ്ചരിക്കാനാകുമോ എന്നും സംശയമാണ്. എന്തായാലും പ്രശ്നങ്ങള്‍ പരിഹരിച്ച് പ്രസിഡന്‍റിന്‍റെ താജ്മഹല്‍ സന്ദര്‍ശനം സുഗമമാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിശ്വാസം.
2000ല്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണാണ് മുമ്പ് താജ്മഹല്‍ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്‍റ്. 2015ല്‍ ഒബാമ താജ്മഹല്‍ സന്ദര്‍ശിക്കുമെന്ന് പറഞ്ഞെങ്കിലും സൗദി രാജാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് അവസാന നിമിഷം റദ്ദാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam