
തിരുവനന്തപുരം: കസാഖ്‍സ്ഥാനില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട്. സംഭവം അറിഞ്ഞതിന് പിന്നാലെ കസാക്കിസ്ഥാനിലെ ഇന്ത്യൻ അംബാസിഡറുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഗുരുതരമായ അവസ്ഥയല്ല അവിടെ ഉള്ളത് എന്നാണ് അംബാസഡറിൽ നിന്ന് മനസിലാക്കിയതെന്നും വി മുരളീധരൻ അറിയിച്ചു.
ഇന്നലെ അവിടുത്തെ പ്രദേശവാസികളും എണ്ണപ്പാടത്തെ തൊഴിലാളികളായ ഇന്ത്യക്കാരും തമ്മിൽ സംഘർഷമുണ്ടായി എന്ന് വി മുരളീധരൻ സ്ഥിരീകരിച്ചു. സംഘർഷത്തിൽ രണ്ട് ഇന്ത്യക്കാർക്ക് പരിക്കേറ്റതായാണ് അറിയുവാൻ സാധിച്ചതെന്നും മുരളീധരൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾ കിട്ടേണ്ടതുണ്ടെന്ന് പറഞ്ഞ വിദേശകാര്യ സഹമന്ത്രി ഇന്ത്യക്കാർ സുരക്ഷിതരാണെന്നും ഇവരെ പുറത്തെത്തിക്കാനുള്ള ഇടപെടൽ തുടരുകയാണെന്നും അറിയിച്ചു.
കസാഖ്‍സ്ഥാനിലെ എണ്ണപ്പാടത്ത് 150 ലേറെ ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ തദ്ദേശീയരുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് തൊഴിലാളികള്‍ ഇവിടെ കുടുങ്ങിയത്. ലബനീസ് തൊഴിലാളി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെ ചൊല്ലിയാണ് സംഘര്‍ഷം തുടങ്ങിയതെന്നാണ് വിവരം. തദ്ദേശീയര്‍ തൊഴിലാളികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ഖനിമേഖലയായതിനാല്‍ കൃത്യമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
ഖനിമേഖലയില്‍ 70 മലയാളികള്‍ ഉണ്ടെന്നാണ് അപകടത്തില്‍പ്പെട്ട മലയാളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഇവിടെ നിന്ന് രക്ഷപ്പെടാന്‍ നിര്‍വ്വാഹമില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇടപെട്ടാല്‍ അല്ലാതെ അവിടെ നിന്ന് പുറത്ത് വരാന്‍ വേറെ വഴിയില്ലെന്നും പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുവാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
തദ്ദേശീയരുമായി സംഘര്‍ഷം; കസാഖ്‍സ്ഥാനില്‍ 150 ലേറെ ഇന്ത്യക്കാര്‍ കുടുങ്ങി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam