ദില്ലി: സംഘര്‍ഷങ്ങളെ തുടര്‍ന്ന് കസാഖ്സ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് മലയാളികള്‍ ഉള്‍പ്പടെ 150 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രത്തെ  ചൊല്ലി തൊഴിലാളികള്‍ ഏറ്റുമുട്ടിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.  മോചനത്തിനുള്ള ശ്രമം തുടരുന്നതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കസാഖ്സ്ഥാനിലെ  ഏറ്റവും വലിയ എണ്ണപ്പാടങ്ങളിലൊന്നായ ടെങ്കിസില്‍ ശനിയാഴ്ച രാവിലെയാണ് സംഘര്‍ഷം തുടങ്ങിയത്. വേതനക്കുറവിനെച്ചൊല്ലി തദ്ദേശീയരുടെ പ്രതിഷേധം എണ്ണപ്പാടത്ത് നേരത്തെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ലബനന്‍ കാരനായ ലോജിസ്റ്റിക്സ് ചീഫ് അഡ്മിനിസ്ട്രേറ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രമാണ് പെട്ടന്നുള്ള പ്രകോപനം.

ചിത്രം തദ്ദേശീയരെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അവര്‍ സംഘടിച്ചു. വിദേശ തൊഴിലാളികള്‍ക്ക് നേരെ ആക്രമണം തുടങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയിട്ടും നിയന്ത്രിക്കാനായില്ല. വിദേശികളെ പുറത്തെത്തിക്കാന്‍ വാഹനമെത്തിച്ചെങ്കിലും തദ്ദേശീയര്‍ കല്ലെറിഞ്ഞു. പരിക്കേറ്റവരില്‍ ഇന്ത്യക്കാരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

എണ്ണപ്പാടത്തെ ടെന്‍റുകളിലാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍  കഴിയുന്നത്. പ്രധാന പട്ടണത്തിലേക്ക് റോഡുമാര്‍ഗ്ഗം എത്താന്‍ മുന്നൂറിലേറെ കിലോമീറ്റര്‍ താണ്ടണം. സംഘര്‍ഷം ശമിക്കാതെ  പുറത്തെത്തുന്നത് സുരക്ഷിതമല്ലെന്നാണ് കസഖ്സ്ഥാന്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചത്.  

വീഡിയോ കാണാം

"