
ദില്ലി: ഇന്ത്യൻ തലസ്ഥാനമായ ദില്ലിയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് രാജ്യത്തെ ബന്ധപ്പെടുത്തി വരുന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി തുർക്കി. മാധ്യമ റിപ്പോർട്ടുകൾ തികച്ചും വിവരക്കേടാണെന്നും തുർക്കി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങളുമായി തുർക്കി ബന്ധപ്പെട്ടിരിക്കുന്നുവെന്നും തീവ്രവാദ ഗ്രൂപ്പുകൾക്ക് ലോജിസ്റ്റിക്കൽ, നയതന്ത്ര, സാമ്പത്തിക സഹായം നൽകുന്നുവെന്നും അവകാശപ്പെടുന്ന മാധ്യമ റിപ്പോർട്ടുകൾ ഉഭയകക്ഷി ബന്ധങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന്റെ ഭാഗമാണെന്നും തുർക്കിയുടെ ഡയറക്ടറേറ്റ് ഓഫ് കമ്മ്യൂണിക്കേഷൻസ് സെന്റർ ഫോർ കൗണ്ടറിംഗ് ഡിസ്‌ഇൻഫോർമേഷൻ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയെയോ മറ്റേതെങ്കിലും രാജ്യത്തെയോ ലക്ഷ്യമിട്ട് തുർക്കി തീവ്രവൽക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന വാദം പൂർണമായും വിവരക്കേടാണെന്നും വസ്തുതാപരമായി അടിസ്ഥാനമില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഉത്ഭവം തുർക്കിയിൽ നിന്നാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. ‘ഉകാസ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഭീകരനാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അൽ-ഫലാഹ് യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ. ഉമർ നയിച്ച ‘ഡൽഹി മൊഡ്യൂളി’ലെ ഭീകരർക്കും ജെയ്‌ഷെ മുഹമ്മദ്, അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദ് എന്നിവർക്കിടയിലെ കണ്ണിയായി പ്രവർത്തിച്ചത് ഈ ‘ഉകാസ’യാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തലെന്നും റിപ്പോർട്ടിൽ പറയുന്നു. ഉമറും മറ്റു മൂന്ന് പേരും തുർക്കിയിലേക്ക് പോയെന്നും 2022 മാർച്ചിലായിരുന്നു യാത്രയെന്നും പറയുന്നു. ടെലഗ്രാം വഴിയായിരുന്നു ‘ഉകാസ’യുമായി ഉമർ ബന്ധപ്പെട്ടത്. ദില്ലി പുറമേ, അയോധ്യയും ആക്രമിക്കാൻ പദ്ധതിയിട്ടെന്നും തുർക്കി ബന്ധമാണ് കേസിന്റെ അടിസ്ഥാനമെന്നും റിപ്പോർട്ടിൽ അവകാശപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam