
ചെന്നൈ: തമിഴ്നാട്ടിൽ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര പദ്ധതി വിപുലീകരിച്ചു. 'വെട്രി പയണം തിട്ടം' മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു. ഇനി തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ എക്സ്പ്രസ്, ഡീലക്സ്, ലിമിറ്റഡ് സ്റ്റോപ്പ്, മൊഫ്യൂസിൽ ബസുകളിലും സത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. ഇതോടെ 69 ശതമാനം സർക്കാർ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാകും. യാത്രാ പരിധിയോ വരുമാന പരിധിയോ ഇല്ല. ചെന്നൈയിലെ കോയമ്പേടിലാണ് മുഖ്യമന്ത്രി വിജയ് യാത്രാ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
പൊതുഗതാഗത സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ സ്ത്രീകളെയും ട്രാൻസ്ജെൻഡേഴ്സിനെയും പ്രാപ്തരാക്കുകയാണ് വെട്രി പയണം പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ചെങ്ങൽപട്ട്, തിരുപ്പൂർ എന്നീ ജില്ലകൾ ഒഴികെ സംസ്ഥാനത്തെല്ലായിടത്തും വെള്ളിയാഴ്ച മുതൽ ഈ പദ്ധതി നിലവിൽ വന്നു. മധുരാന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് ഈ രണ്ട് ജില്ലകളെ പദ്ധതിയിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കിയത്.
അഞ്ച് വർഷം മുൻപ് നടപ്പാക്കിയ സൌജന്യ യാത്രാ പദ്ധതിയുടെ വിപുലീകരിച്ച രൂപമാണ് പുതിയ 'വെട്രി പയണം' പദ്ധതി. കൂടുതൽ ബസ് സർവീസുകളെ ഉൾപ്പെടുത്തി സ്ത്രീകൾക്കുള്ള സൗജന്യ യാത്രാസൗകര്യം കൂടുതൽ വിപുലീകരിച്ചിരിക്കുകയാണ് വിജയ് സർക്കാർ. വിപുലീകരിച്ച പദ്ധതി പ്രകാരം നഗരങ്ങളിൽ സർവീസ് നടത്തുന്ന ഓർഡിനറി, എക്സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ് സർവീസ്, ഡീലക്സ് ബസുകളിൽ ഇനി സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. കൂടാതെ മൊഫ്യൂസൽ മേഖലകളിലെ ഓർഡിനറി സർവീസുകളിലും 40 കിലോമീറ്ററിന് മുകളിലുള്ള മലയോര മേഖലകളിലെ ഓർഡിനറി ബസുകളിലും സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏഴ് ഗതാഗത കോർപ്പറേഷനുകളുടെ കീഴിൽ സർവീസ് നടത്തുന്ന ആകെ 18,413 ബസുകളിൽ 12,695 ബസുകളും (ഏകദേശം 69 ശതമാനം) ഈ പദ്ധതിയുടെ പരിധിയിൽ വരും. ഏകദേശം 84.32 ലക്ഷം സ്ത്രീകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിപുലീകരിച്ച ഈ ക്ഷേമപദ്ധതി നടപ്പിലാക്കുന്നതിലൂടെ തമിഴ്‌നാട് സർക്കാരിന് പ്രതിവർഷം ഏകദേശം 6000 കോടി രൂപയുടെ ബാധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. സ്ത്രീകളുടെ ശാക്തീകരണവും സാമൂഹിക പുരോഗതിയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് സർക്കാർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam