തമിഴ്‌നാടിൻ്റെ രക്ഷകനായി വന്നു, കരൂരിൽ നിന്ന് രക്ഷയില്ലാതെ കടന്ന് വിജയ്; കാത്തിരിക്കുന്നത് വൻ നിയമക്കുരുക്ക്

Published : Sep 28, 2025, 08:12 AM IST
TVK Karur Rally Stampede

Synopsis

നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം കരൂരിൽ സംഘടിപ്പിച്ച റാലി വൻ ദുരന്തമായി. തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ചതോടെ തമിഴ്‌നാടിൻ്റെ രക്ഷകനായി സ്വയം അവതരിപ്പിച്ച വിജയ്‌യെ ഇനി കാത്തിരിക്കുന്നത് നീണ്ട നിയമപോരാട്ടമെന്ന് വ്യക്തം

കരൂർ: തമിഴ്നാട് ഭരണം 2026ൽ പിടിക്കുമെന്ന് പ്രഖ്യാപിച്ച് ജനങ്ങളിലേക്ക് ഇറങ്ങിയ വിജയ്‍യാണ് ടിവികെ കരൂർ റാലി ദുരന്തത്തിന് പിന്നാലെ വൻ നിയമക്കുരുക്കിലേക്ക് വീഴുന്നത്. കോടതിയെ പോലും ധിക്കരിച്ച് നിയന്ത്രണമില്ലാത്ത ജനക്കൂട്ടത്തിനിടയിലേക്ക് പ‌ഞ്ച് ഡയലോഗുകളുമായി ഇറങ്ങിയ വിജയ്‌യുടെ മാസ് പരിവേഷം കരൂരിൽ തകർന്നുവീണു. 39 പേരുടെ മരണത്തിനും ഇരട്ടിയിലേറെ പേർക്ക് പരിക്കേൽക്കാനും കാരണമായ സംഭവത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കാതെ ചെന്നൈക്ക് മടങ്ങിയ താരത്തിനെതിരെ വിമർശനം ശക്തമാവുകയാണ്.

അപകടത്തിന് പിന്നാലെ അതിവേഗം വേദി വിട്ട വിജയ്, തിരുച്ചിറപ്പള്ളിയിൽ നിന്ന് സ്വകാര്യ വിമാനത്തിൽ ചെന്നൈയിലെ വീട്ടിലെത്തി. മാധ്യമങ്ങളോട് പ്രതികരിക്കാതെ എക്സിൽ അനുശോചനക്കുറിപ്പ് രേഖപ്പെടുത്തി. ഹൃദയം തകർന്നിരിക്കുകയാണെന്നാണ് ആദ്യ പ്രതികരണം. വിജയിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ദുരന്തത്തിന്‍റെ ഉത്തരവാദിത്തം ടിവികെയ്ക്ക് എന്ന് ഡിഎംകെ നേതാക്കൾ കുറ്റപ്പെടുത്തുന്നു. വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ചെന്നൈയിൽ വിജയ്‌യുടെ വീടിന് മുന്നിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

തമിഴ്നാടിനെ നയിക്കാൻ ഇതാ വരുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വിജയ്, ആൾക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിവന്നത്. ബിഗ് സ്‌ക്രീനിലെ സൂപ്പർ താരത്തെ കാണാൻ രാഷ്ട്രീയം മറന്ന് എല്ലായിടത്തും ആളുകൂടി. സിനിമ സെറ്റുകളെ വെല്ലുന്ന വേദികളൊരുക്കി വിജയ് റാംപിലൂടെ ജനക്കൂട്ടത്തിന് നടുവിലേക്ക് നടന്നു. കൃത്യമായ സംഘാടനമില്ലെന്ന് ആദ്യ റാലി മുതൽ തന്നെ വിജയും സംഘവും തെളിയിച്ചു. മണിക്കൂറുകൾ നീണ്ട ഗതാഗത തടസവും ആൾക്കൂട്ടവും കാരണം ആദ്യ റാലി തന്നെ അലങ്കോലപ്പെട്ടു. താരത്തെ കണ്ട് മതിമറന്ന് റാംപിലേക്ക് കുതിച്ചവരെ അംഗരക്ഷകർ പിടിച്ചെറി‌ഞ്ഞു.

പരാതികളേയും വിവാദങ്ങളേയും അവഗണിച്ച് താരം റാലിയുമായെത്തി. ഡിസംബർ 20ന് തീരുമെന്ന് ആദ്യം പ്രഖ്യാപിച്ച പര്യടനം പിന്നീട് ജനുവരി വരെ നീളുമെന്ന് പ്രഖ്യാപിച്ചു. നിയന്ത്രണങ്ങൾ മറികടന്നെത്തിയ ആൾക്കൂട്ടം കോടതിയെ പോലും ആശങ്കപ്പെടുത്തി. തിരുച്ചിറപ്പള്ളിയിൽ നടന്ന യോഗത്തിൽ ഒരാൾ മരിച്ചതോടെ ആശങ്ക വെറുതേയല്ലെന്ന് വ്യക്തമായി. സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണെന്ന് പ്രതികരിച്ച് കോടതി കടുപ്പിച്ചു. ഗർഭിണികൾ, ഭിന്നശേഷിക്കാർ, കുട്ടികൾ, പ്രായമായവർ എന്നിവരെ സുരക്ഷാ ഭിഷണി മുൻനിർത്തി റാലിയിൽ പങ്കെടുപ്പിക്കരുതെന്നും ഹൈക്കോടതി നി‍ദേശിച്ചു. എന്നിട്ടും നിയന്ത്രണങ്ങളില്ലാതെ വിജയ്‌യുടെ റാലിയിൽ ആളുകൂടി.

പതിനായിരം പേർ പങ്കെടുക്കുന്ന റാലിയെന്ന് പറ‌ഞ്ഞാണ് ടിവികെ കരൂരിൽ അനുമതി വാങ്ങിയത്. പക്ഷേ എത്തിയത് ലക്ഷത്തിലേറെ പേർ. ജനത്തിരക്ക് കാരണം അപകടമുണ്ടായപ്പോൾ ആംബുലൻസുകൾക്ക് വേഗത്തിലെത്താൻ പോലും സാധിച്ചില്ല. കോടതി ഇടപെടലുണ്ടായിട്ടും ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ എന്ത് ചെയ്തെന്ന ചോദ്യത്തിന് വിജയ് മറുപടി നൽകിയേ തീരൂ. ആൾക്കൂട്ടം ആവേശമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന വിജയ് അപകടത്തിന്റെ ഉത്തരവാദിത്തവും എറ്റെടുക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സർവീസുകൾ കൂട്ടത്തോടെ വെട്ടി, വിമാനത്താവളങ്ങളിൽ കുടുങ്ങി ആയിരങ്ങൾ; ഇൻ്റിഗോയെ വിമർശിച്ച് കേന്ദ്രമന്ത്രി; കേന്ദ്രത്തെ പഴിച്ച് രാഹുൽ ഗാന്ധി
കാത്രജ് ബൈപ്പാസിലെ വേഗപരിധി പരിഷ്കരിച്ചു; അപകടത്തിന് പിന്നാലെ 30 കിലോമീറ്റര്‍ ആക്കിയ പരിധി 40 ആക്കി ഉയർത്തിയെന്ന് പൂനെ പോലീസ്