
കരൂര്‍: തമിഴ്നാട്ടിലെ കരൂരിൽ ടിവികെ അധ്യക്ഷൻ വിജയ്‍യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ 38പേരെ തിരിച്ചറിഞ്ഞു. ഇതിൽ 14 പേരുടെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നൽകി തുടങ്ങി. ഒരു സ്ത്രീയുടെ മൃതദേഹമാണ് തിരിച്ചറിയാൻ ബാക്കിയുള്ളതെന്നും 111 പേരാണ് ചികിത്സയിലുള്ളതെന്നും 51പേരാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളതെന്നും കരൂര്‍ ആശുപത്രി ഡീൻ മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റ് ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡീൻ വ്യക്തമാക്കി. കരൂര്‍, നാമക്കൽ, തിരുച്ചിറപ്പള്ളി എന്നീ മൂന്ന് ജില്ലകളിൽ നിന്നുള്ള ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ആംബുലന്‍സുകളുമടക്കം കരൂരിലെ ആശുപത്രിയിലുണ്ട്. പോസ്റ്റ്‍മോര്‍ട്ടം നടപടകള്‍ വേഗത്തിലാക്കി മൃതദേഹങ്ങള്‍ വേഗത്തിൽ വിട്ടുകൊടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
മരിച്ചവരിൽ 28പേരും കരൂര്‍ സ്വദേശികളാണ്. ഇതിൽ ഒന്നര വയസുള്ള ദുര്‍വേഷ് എന്ന കുഞ്ഞും മരിച്ചു. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടെ നെഞ്ചുപൊട്ടികരയുന്ന ബന്ധുക്കളുടെ ഹൃദയഭേദകമായ കാഴ്ചയാണ് കരൂര്‍ ആശുപത്രിക്ക് മുന്നിൽ. ഒന്നര വയസുകാരന്‍റെ മൃതദേഹം മാറോടണച്ച് കരയുന്ന അമ്മയെ ആശ്വസിപ്പിക്കാനാകാതെ കൂടെയുണ്ടായിരുന്നവരും പൊട്ടിക്കരഞ്ഞു. മരിച്ച പ്രിയപ്പെട്ടവരുടെ പേര് പറഞ്ഞുകൊണ്ടുള്ള കുടുംബാംഗങ്ങളുടെ നിലവിളി ആശുപത്രി പരിസരത്തുണ്ടായിരുന്നവരുടെ നെഞ്ചുലച്ചു. പുലര്‍ച്ചെ 3.30ഓടെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആശുപത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. പരിക്കേറ്റവരെയും ആശ്വസിപ്പിച്ചു. ആശുപത്രിയിൽ അവലോകന യോഗം ചേര്‍ന്നശേഷമാണ് സ്റ്റാലിൻ മടങ്ങിയത്. കരൂര്‍ ദുരന്തത്തിൽ സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ കരൂരിലെ വേലുചാമിപുരത്ത് ടിവികെ അധ്യക്ഷൻ വിജയ്‍യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 39 പേരാണ് മരിച്ചത്. ഇതിൽ 17പേര്‍ സ്ത്രീകലും 13 പേര്‍ പുരുഷന്മാരും 9പേര്‍ കുട്ടികളുമാണ്. 111 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.