
ചെന്നൈ: ജില്ലാ കളക്ടർക്ക് അശ്ലീലസന്ദേശം അയച്ചെന്ന കേസിൽ ടിവികെ എംഎൽഎ അരുൾ വിഘ്നേഷ് അറസ്റ്റിൽ. കള്ളക്കുറിച്ചിയിലെ എംഎൽഎയായ അരുൾ വിഘ്നേഷി(36)നെയാണ് വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലായ് മാസത്തിൽ നടന്ന സംഭവത്തിൽ നാലുമാസത്തിന് ശേഷമാണ് അറസ്റ്റുണ്ടാകുന്നത്.
മദ്രാസ് ഹൈക്കോടതിയുടെ നിലപാടാണ് സംഭവത്തിൽ നിർണായകമായത്. ഇതോടെ വനിതാ കളക്ടർ നവംബർ 23-ന് രേഖാമൂലം എംഎൽഎക്കെതിരേ പരാതി നൽകി. കള്ളക്കുറിച്ചി പൊലീസ് സൂപ്രണ്ടിനാണ് കളക്ടർ പരാതി നൽകിയത്. പിന്നാലെ കള്ളക്കുറിച്ചി ഓൾ വിമൻ പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം എംഎൽഎയ്ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.
കള്ളക്കുറിച്ചി എംഎൽഎയായ അരുൾ വിഘ്നേഷ് കളക്ടറുടെ വസതിയിലെത്തി മോശമായ ഉദ്ദേശ്യത്തോടെ സമീപിച്ചെന്നും അശ്ലീലസന്ദേശങ്ങൾ അയച്ചെന്നുമാണ് പരാതി. കളക്ടറുടെ വസ്ത്രധാരണത്തെക്കുറിച്ച് ഉൾപ്പെടെ അശ്ലീലച്ചുവയോടെ വാട്സാപ്പിൽ സന്ദേശം അയച്ചു, പൊതുപരിപാടികൾക്കിടെ ശരീരത്തിൽ മോശമായി സ്പർശിക്കാൻ ശ്രമിച്ചു, പലരാത്രികളിലും മോശം ഉദ്ദേശ്യത്തോടെ ഔദ്യോഗിക വസതിയിൽ എത്തിയെന്നും പരാതിയിൽ പറയുന്നു.
ഡിഎംകെ നേതാവായ കനിമൊഴിയാണ് എംഎൽഎക്കെതിരായ ആരോപണത്തിൽ ആദ്യം പരസ്യമായി രംഗത്തെത്തിയത്. എന്നാൽ, ടിവികെ എംഎൽഎയും പാർട്ടിയും മന്ത്രിമാരും ആരോപണങ്ങൾ നിഷേധിച്ചിരുന്നു. ഇതിനിടെ അഭിഭാഷകനായ ആർ ത്രിശൂലി എംഎൽഎക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, വിഷയത്തിൽ പൊലീസിനോ ചീഫ് സെക്രട്ടറിക്കോ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഇതോടെ മാധ്യമവാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ നടപടിയെടുക്കാനാകില്ലെന്നും പരാതി ലഭിച്ചില്ലെങ്കിൽ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തിൽ പരാതിയുണ്ടോ എന്ന് കളക്ടറോട് അന്വേഷിച്ച് മറുപടി നൽകാനും ഹൈക്കോടതി പബ്ലിക് പ്രോസിക്യൂട്ടർക്ക് നിർദേശം നൽകി. ചീഫ് സെക്രട്ടറിയിൽനിന്നടക്കം വ്യക്തവരുത്താനും കോടതി നിർദേശിച്ചു. ഇതിനുപിന്നാലെയാണ് വനിതാ കളക്ടർ പൊലീസിൽ പരാതി നൽകിയത്. അതിനിടെ, വിഷയത്തിൽ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam