ജസ്റ്റിസ് കൃഷ്ണ റാവു അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഋതബ്രതയുടെ നിയമനം റദ്ദാക്കിയത്. ഋതബ്രതയെ പ്രതിപക്ഷ നേതാവായി നിയമിച്ച ഉത്തരവ് നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഇത് പുനഃപരിശോധിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നും സ്പീക്കറോട് നിർദേശിച്ചു. ഇതിനായി പത്തുദിവസത്തെ സമയവും സ്പീക്കർക്ക് അനുവദിച്ചു.
കൊൽക്കത്ത: തൃണമൂൽ വിമതൻ ഋതബ്രത ബാനർജിയെ നിയമസഭ പ്രതിപക്ഷ നേതാവായി നിയമിച്ച സ്പീക്കറുടെ ഉത്തരവ് കൽക്കട്ട ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് കൃഷ്ണ റാവു അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഋതബ്രതയുടെ നിയമനം റദ്ദാക്കിയത്. ഋതബ്രതയെ പ്രതിപക്ഷ നേതാവായി നിയമിച്ച ഉത്തരവ് നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഇത് പുനഃപരിശോധിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നും സ്പീക്കറോട് നിർദേശിച്ചു. ഇതിനായി പത്തുദിവസത്തെ സമയവും സ്പീക്കർക്ക് അനുവദിച്ചു.
കൽക്കട്ട ഹൈക്കോടതിയുടെ വിധി തൃണമൂൽ വിമതർക്ക് കനത്ത തിരിച്ചടിയായി. ഈ വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെയാണ് തൃണമൂലിൽ ഭിന്നത രൂക്ഷമായത്. മുതിർന്ന എംഎൽഎയായ സോവൻദേബ് ചാത്തോപധ്യായിയെയാണ് മമത ബാനർജി തൃണമൂലിൽനിന്ന് പ്രതിപക്ഷ നേതാവായി നാമനിർദേശം ചെയ്തത്. എന്നാൽ, വിമത എംഎൽഎമാർ ഋതബ്രതയെ പ്രതിപക്ഷ നേതാവാക്കാൻ സ്പീക്കറെ കണ്ട് അവകാശവാദമുന്നയിച്ചു. തുടർന്ന് സ്പീക്കർ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി നിയമിച്ച് ഉത്തരവിറക്കുകയായിരുന്നു.
സ്പീക്കറുടെ തീരുമാനം ചോദ്യംചെയ്ത് തൃണമൂൽ എംഎൽഎയായ സോവൻദേബാണ് കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, കൽക്കട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് തൃണമൂൽ എംഎൽഎയുടെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ തയ്യാറായില്ല. ഇതോടെ എംഎൽഎ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഋതബ്രത ബാനർജിക്ക് പ്രതിപക്ഷ നേതാവായി തുടരാൻ രണ്ടുമാസത്തെ താത്കാലിക അനുമതി നൽകി. ഇതിനുള്ളിൽ ഹർജി തീർപ്പാക്കണമെന്നും സിംഗിൾ ബെഞ്ചിന് നിർദേശം നൽകി. ഒക്ടോബർ 18-ന് ഈ കാലാവധി അവസാനിച്ചതോടെയാണ് സോവൻദേബ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.














