
ചെന്നൈ: തമിഴ്നാട് തൃച്ചിയിൽ തമിഴക വെട്രി കഴക (ടിവികെ) ത്തിൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് അജ്ഞാതർ തീയിട്ടു. ശ്രീരംഗം മണ്ഡലത്തിൻ്റെ പരിധിയിലുള്ള പേട്ടവയത്തലൈയിൽ സ്ഥാനാർഥിയായ രമേശിൻ്റെ ഓഫീസാണ് ആക്രമണത്തിനിരയായത്. ഓഫീസിൽ ഉണ്ടായിരുന്ന മുഴുവൻ ബാനറുകളും വലിച്ചുകീറി. സംഭവത്തിൽ ടിവികെ യൂണിയൻ സെക്രട്ടറി പോലീസിൽ പരാതി നൽകി.
വെള്ളിയാഴ്ച രാവിലെ ആണ് അജ്ഞാതർ ഓഫീസിന് തീയിട്ടതെന്ന് പാർട്ടി സ്ഥാനാർഥിയായ രമേശ് പറഞ്ഞു. മുഴുവൻ ബാനറുകളും കീറിക്കളഞ്ഞു. ശ്രീരംഗം നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ സുരക്ഷിതമായ അന്തരീക്ഷത്തിൽ നടത്താൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ മൂന്നുദിവസം ബാക്കിനിൽക്കെയാണ് സംസ്ഥാനത്ത് അക്രമസംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ് പോളുകളും ഡിഎംകെയ്ക്കാണ് മേൽക്കൈ പ്രവചിക്കുന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡിഎംകെ സഖ്യം സംസ്ഥാനത്ത് ഭരണം നിലനിർത്തുമെന്നാണ് പ്രവചനം. പീപ്പിൾസ് പൾസ്, ചാണക്യ തുടങ്ങിയ ഏജൻസികൾ ഡിഎംകെയ്ക്ക് മുന്നേറ്റം പ്രവചിക്കുമ്പോൾ ജെവിസി ടൈംസ് നൗ, അണ്ണാ ഡിഎംകെ - ബിജെപി സഖ്യം അട്ടിമറി നേടുമെന്നും പ്രവചിക്കുന്നു. അതേസമയം ആക്സിസ് മൈ ഇന്ത്യ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലത്തിൽ ടിവികെയ്ക്കാണ് മേൽക്കെ.
അതേസമയം എക്സിറ്റ് പോൾ ഫലങ്ങളെ അണ്ണാ ഡിഎംകെയും ടിവികെയും അപ്പാടെ തള്ളുകയാണ്. 150 സീറ്റുകളിൽ വിജയിച്ച് ഭരണം പിടിക്കുമെന്നാണ് അണ്ണാ ഡിഎംകെയുടെ ആത്മവിശ്വാസം. തങ്ങൾക്ക് അനുകൂലമായ ഫലമുണ്ടാകുമെന്ന് ടിവികെ നേതൃത്വം പ്രത്യാശ പ്രകടിപ്പിച്ചു. വ്യക്തമായ ഭൂരിപക്ഷം നേടി ഭരണം നിലനിർത്തുമെന്നാണ് ഡിഎംകെയുടെ പ്രതികരണം. തമിഴ്നാട്ടിലെ 234 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 84 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയിരുന്നു. മെയ് നാലിനാണ് വോട്ടെണ്ണൽ നടക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam