'സൈന്യത്തിലും ഇനി അവര്‍ ഒന്ന്' ; ഇരട്ടസഹോദരങ്ങള്‍ ഇന്ത്യന്‍ ആര്‍മിയിലേക്ക്

By Web TeamFirst Published Jun 9, 2019, 10:40 AM IST
Highlights

ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ 457 കേഡറ്റുകളുടെ ഒപ്പമാണ് ഇരട്ടസഹോദരങ്ങളും  സൈന്യത്തിന്‍റെ ഭാഗമാകുന്നത്.  

അമൃത്‍സര്‍: 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് മിനിറ്റുകളുടെ വ്യത്യാസത്തിലാണ് അവര്‍ ജനിച്ചത്. ഒരേ സ്കൂളില്‍ പഠിച്ചു. എന്‍ജിനീയറിങ് തെരഞ്ഞെടുത്ത് എങ്കിലും രണ്ട് കോളേജുകളിലായി പഠനം. ഇരുവഴികളിലായി പിരിഞ്ഞ ഇവരെ പിന്നീട് ഒന്നിപ്പിച്ചത് ഒരു സ്വപ്നമാണ് - ഇന്ത്യന്‍ സൈന്യത്തിന്‍റെ ഭാഗമാകുക എന്ന സ്വപ്നം!. രൂപത്തില്‍ മാത്രമല്ല ആഗ്രഹങ്ങളിലും സമാനത പുലര്‍ത്തിയ അഭിനവ് പതക്കും പരിണവ് പതക്കും ഏറെക്കാലമായി മനസ്സില്‍ സൂക്ഷിച്ച തീവ്രമായ ആഗ്രഹം സാക്ഷാത്കരിച്ചതിന്‍റെ ആഹ്ലാദത്തിലാണ്. ഇന്ത്യന്‍ ആര്‍മിയിലെ രണ്ട് വ്യത്യസ്ത യൂണിറ്റുകളിലായി നിയമിക്കപ്പെട്ടിരിക്കുകയാണ് ഈ ഇരട്ടസഹോദരങ്ങല്‍. 

ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ 457 കേഡറ്റുകളുടെ ഒപ്പമാണ് ഇരട്ടസഹോദരങ്ങളും  സൈന്യത്തിന്‍റെ ഭാഗമാകുന്നത്.  അക്കാദമിയിലെ പഠനത്തിനിടെ ഉണ്ടായ രസകരമായ അനുഭവങ്ങളായിരുന്നു പാസ്സിങ് ഔട്ട് ചടങ്ങില്‍ അഭിനവിനും പരിണവിനും പറയുവാനുണ്ടായിരുന്നത്. പലതവണ പരിശീലകര്‍ ഇരുവരുടെയും പേരുകള്‍ തെറ്റി വിളിച്ചിരുന്നതും ഭക്ഷണശാലയിലെ ജീവനക്കാര്‍ ഭക്ഷണം  കഴിച്ചിറങ്ങിയ സഹോദരങ്ങളില്‍ ഒരാള്‍ക്ക് തന്നെ വീണ്ടും ഭക്ഷണം വിളമ്പിയെന്നും ഇവര്‍ ഓര്‍ത്തെടുത്തു. 

സൈന്യത്തിന്‍റെ പ്രതിരോധ വിഭാഗത്തിലാണ് അഭിനവിനെ നിയമിച്ചിരിക്കുന്നത്. പരിണവ് ഏവിയേഷന്‍ വിഭാഗത്തിലാണ്.  ജീവിതത്തില്‍ നേടിയതെല്ലാം ഒന്നിച്ച് നിന്നതിന്‍റെ ഫലാമായാണെന്ന് ഇരുവരും പറ‍ഞ്ഞു.

click me!