ട്വിഷ ശർമ്മയുടെ മരണത്തിൽ നിര്‍ണായക ഇടപെടൽ: രണ്ടാമതും പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഹൈക്കോടതി ഉത്തരവ്, ഭർത്താവ് ജാമ്യാപേക്ഷ പിൻവലിച്ചു

Published : May 22, 2026, 04:35 PM IST
Twisha Sharma

Synopsis

ഭോപ്പാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മോഡൽ ട്വിഷാ ശർമ്മയുടെ മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം രണ്ടാമതും പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. കുടുംബത്തിന്റെ ആവശ്യപ്രകാരം ഡൽഹി എയിംസിലെ വിദഗ്ധ സംഘമാണ് പോസ്റ്റ്‌മോർട്ടം നടത്തുക. ട്വിഷയുടെ ഭർത്താവ് സമർത്ഥ് സിംഗ് മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു.

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ മോഡലും നടിയുമായ ട്വിഷാ ശർമ്മയുടെ മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം രണ്ടാമതും പോസ്റ്റ്‌മോർട്ടം ചെയ്യാൻ മധ്യപ്രദേശ് ഹൈക്കോടതി വെള്ളിയാഴ്ച അനുമതി നൽകി. ത്വിഷയുടേത് സാധാരണ ആത്മഹത്യയല്ലെന്നും കൂടുതൽ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണെന്നുമുള്ള കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് കോടതി നടപടി. കീഴ്ക്കോടതി ഈ ആവശ്യം മുൻപ് നിരസിച്ചതിനെ തുടർന്നാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.

ഡൽഹി എയിംസിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ ഭോപ്പാലിൽ വെച്ച് തന്നെയായിരിക്കും നടക്കുക. ഇതിനായി ഡൽഹി എയിംസിലെ ഡോക്ടർമാരെ ഭോപ്പാലിൽ എത്തിക്കാൻ പ്രത്യേക വിമാന സൗകര്യം ഒരുക്കും. ഈ നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി. ആദ്യ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വലിയ വീഴ്ചകൾ സംഭവിച്ചതായി ട്വിഷയുടെ കുടുംബം ആരോപിച്ചിരുന്നു.

മരണപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തൂങ്ങിമരിക്കാൻ ഉപയോഗിച്ച വസ്തുക്കൾ ആദ്യ പോസ്റ്റ്‌മോർട്ടം സമയത്ത് അന്വേഷണസംഘം ഹാജരാക്കിയില്ല, ശരീരത്തിലുണ്ടായിരുന്ന പരിക്കുകളെക്കുറിച്ച് റിപ്പോർട്ടിൽ വിശദമായി പരാമർശിച്ചില്ല, മൃതദേഹത്തിന്റെ ഉയരവും പോലീസ് റിപ്പോർട്ടിലെ ഉയരവും തമ്മിൽ വ്യത്യാസമുണ്ട് തുടങ്ങിയ ഗുരുതര ആരോപണങ്ങൾ കുടുംബത്തിന്റെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചു.

രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം ആർക്കെങ്കിലും എതിരെ വിരൽ ചൂണ്ടുന്നതിനല്ല, മറിച്ച് എല്ലാ കക്ഷികളുടെയും വിശ്വാസ്യത വർദ്ധിപ്പിക്കാനാണെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി.

അതിനിടെ, ത്വിഷാ ശർമ്മയുടെ ഭർത്താവും അഭിഭാഷകനുമായ സമർത്ഥ് സിംഗ് ഹൈക്കോടതിയിൽ നൽകിയിരുന്ന മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. വിചാരണ കോടതിയിൽ കീഴടങ്ങിയ ശേഷം അവിടെ നിന്നും ജാമ്യത്തിന് ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഭാര്യയുടെ മരണശേഷം ഒളിവിൽ കഴിഞ്ഞിരുന്ന സമർത്ഥ് സിംഗിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

2024-ൽ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട സമർത്ഥ് സിംഗും ത്വിഷാ ശർമ്മയും 2025 ഡിസംബറിലാണ് വിവാഹിതരായത്. എന്നാൽ വിവാഹം കഴിഞ്ഞ് വെറും അഞ്ച് മാസത്തിനുള്ളിൽ മേയ് 12-നാണ് ത്വിഷയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾക്കും സ്ത്രീധന പീഡനങ്ങൾക്കും ഇരയായിരുന്നതായി അമ്മ രേഖാ ശർമ്മ ഉൾപ്പെടെയുള്ള ബന്ധുക്കൾ ആരോപിച്ചു. താൻ ഈ ദാമ്പത്യത്തിൽ കുടുങ്ങിപ്പോയതായി ത്വിഷ അമ്മയ്ക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഡിവാള ബലാത്സം​ഗ കേസ് പ്രതി ഹൈനസ് കേരളത്തിലെന്ന് സൂചന; കൈ കൂപ്പി മാപ്പപേക്ഷിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, അന്വേഷണം ഊർജിതമാക്കി പൊലീസ്
പെട്രോൾ, ഡീസൽ നികുതി കുറയ്ക്കണം; സാധാരണക്കാരൻ്റെ ചുമലിലേക്ക് സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കരുതെന്ന് കമൽഹാസൻ