
ചെന്നൈ: കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിട്ടുള്ള നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മക്കൾ നീതി മയ്യം പ്രസിഡൻ്റ് കമൽഹാസൻ എംപി രംഗത്ത്. ആഗോള പ്രതിസന്ധിയെ തുടർന്നുള്ള സാമ്പത്തിക ഭാരം സാധാരണക്കാരൻ്റെ ചുമലിലേക്ക് അടിച്ചേൽപ്പിക്കരുതെന്ന് കമൽഹാസൻ പറഞ്ഞു. പൗരന്മാരിൽനിന്ന് മാത്രം ത്യാഗം പ്രതീക്ഷിക്കരുതെന്നും സർക്കാരുകൾ സാമ്പത്തിക ഭാരം പങ്കിടണമെന്നും കമൽഹാസൻ ആവശ്യപ്പെട്ടു. വീഡിയോ സന്ദേശത്തിലാണ് രാജ്യസഭ എംപിയായ കമൽഹാസന്റെ പ്രതികരണം.
ത്യാഗം പൗരന്മാരിൽനിന്ന് മാത്രം പ്രതീക്ഷിക്കാൻ കഴിയില്ല. സർക്കാരുകളും അതിൻ്റെ ഭാരം പങ്കിടണം. പ്രധാനമന്ത്രി മുഴുവൻ മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ചുചേർക്കണം. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിട്ടുള്ള വാറ്റ് പോലുള്ള സംസ്ഥാന നികുതികൾ കുറയ്ക്കണം. ട്രെയിൻ, മെട്രോ, ബസ് നിരക്കുകളും കുറയ്ക്കണം. അതുവഴി സ്വകാര്യ വാഹനങ്ങളിൽനിന്ന് കൂടുതൽ ആളുകൾക്ക് പൊതുഗതാഗത സംവിധാനങ്ങളിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഐക്യത്തിലൂടെയും പങ്കിട്ട ത്യാഗത്തിലൂടെയും യുദ്ധങ്ങളെയും ക്ഷാമങ്ങളെയും ആഗോള പ്രതിസന്ധികളെയും ഇന്ത്യ മുൻപും അതിജീവിച്ചിട്ടുണ്ട്. ആ ദേശീയ വീര്യം വീണ്ടും ഉണർത്തേണ്ട നിമിഷമാണിത്. ഇങ്ങനെയുള്ള സമയങ്ങളിൽ പാർട്ടിരാഷ്ട്രീയത്തിന് അതീതമായി ദേശീയ ഉത്തരവാദിത്തം ഉയർന്നുനിൽക്കണം. മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ വാക്കുകൾ കടമെടുത്ത കമൽഹാസൻ, സർക്കാരുകൾ വരും പോകും, പക്ഷേ രാജ്യം എന്നും നിലനിൽക്കുമെന്നും ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ സഖ്യങ്ങൾക്ക് അപ്പുറം നല്ല പ്രവർത്തനങ്ങളെ അംഗീകരിക്കേണ്ടതുണ്ട്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ സൗരോർജ, കാറ്റാടി ഊർജ ശേഷി വർധിച്ചു. കൽക്കരി ഗ്യാസിഫിക്കേഷൻ, പുനരുപയോഗിക്കാവുന്ന ഊർജം, ആണവോർജം എന്നിവയിലുണ്ടായ സമീപകാല നിക്ഷേപങ്ങൾ തന്നെ പ്രോത്സാഹിപ്പിക്കുന്നു. വിദേശ എണ്ണയെയും വാതകത്തെയും ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പുകളാണിവ. ആഗോള പ്രതിസന്ധികൾ സാധാരണക്കാരെയും ബാധിക്കും. ഈ പ്രതിസന്ധിയെ രാജ്യം ഒന്നിച്ച് നേരിട്ടാൽ ഇന്ത്യക്ക് കൂടുതൽ കരുത്തോടെ മുന്നേറാൻ കഴിയുമെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam