മോദിയുടെ സൈറ്റിന്‍റെ ട്വിറ്റര്‍ ഹാന്‍റില്‍ ഹാക്ക് ചെയ്‌തു; ക്രിപ്‌റ്റോ കറൻസി ആവശ്യപ്പെട്ട് ട്വീറ്റുകള്‍

By Web TeamFirst Published Sep 3, 2020, 6:04 AM IST
Highlights

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള സൈറ്റിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ക്രിപ്റ്റോ കറൻസി ആവശ്യപ്പെട്ട് പുലര്‍ച്ചെ ട്വീറ്റുകള്‍. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള സൈറ്റിന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. മോദിയുടെ വെബ്‌സൈറ്റിന്‍റെ പേരിലുള്ള സ്വകാര്യ ട്വിറ്റർ അക്കൗണ്ടായ narendramodi_in ആണ് പുലർച്ചെ ഹാക്ക് ചെയ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്‌റ്റോ കറൻസിയായി സംഭാവന ആവശ്യപ്പെട്ട് ഹാക്കർമാർ ട്വീറ്റ് ചെയ്തു. താമസിയാതെ അക്കൗണ്ടിന്‍റെ നിയന്ത്രണം ട്വിറ്റർ പുനഃസ്ഥാപിച്ചു. ഹാക്കര്‍മാരുടെ വ്യാജ ട്വീറ്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്. 

മോദിയുടെ ഈ വെരിഫൈഡ് അക്കൗണ്ടിന് 2.5 മില്യണ്‍ ഫോളോവേഴ്‌സുണ്ട്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ട്വിറ്റര്‍ ഇന്ത്യ സ്ഥിരീകരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും മറ്റ് അക്കൗണ്ടുകളെ ഇത് ബാധിച്ചോ എന്ന് ഇപ്പോള്‍ അറിയില്ലെന്നും ട്വിറ്റര്‍ അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

കഴിഞ്ഞ മാസം അമേരിക്കൻ മുൻ പ്രസിഡന്‍റ് ബരാക് ഒബാമയടക്കം പ്രമുഖർക്കെതിരെയും സമാന രീതിയിൽ ഹാക്കിംഗ് നടന്നിരുന്നു.

click me!