
ഉഡുപ്പി: ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാന് കൈമാറിയ സംഭവത്തിൽ രണ്ട് പേരെ ഉഡുപ്പിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ സുൽത്താൻപുർ സ്വദേശികളായ രോഹിത് (29), ശാന്ത്രി (37) എന്നിവരാണ് പിടിയിലായത്. കൊച്ചിൻ ഷിപ്പ്‌യാർഡ് മാൽപെ-ഉഡുപ്പി സിഇഒയുടെ പരാതിയിൽ മാൽപെ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇവർ പാകിസ്ഥാന് ചോർത്തി നൽകിയത്.
മെസ്സേഴ്സ് സുഷ്മ മറൈൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ജീവനക്കാരനായ രോഹിത് മുൻപ് കൊച്ചിൻ ഷിപ്പ്‌യാർഡിൽ കരാർ തൊഴിലാളിയായി ജോലി ചെയ്തിട്ടുണ്ട്. മെസ്സേഴ്സ് സുഷ്മ മറൈൻ പ്രൈവറ്റ് ലിമിറ്റഡ്, ഷിപ്പ്‌യാർഡ് മാൽപെ-ഉഡുപ്പി യൂണിറ്റിൽ കരാർ ജോലി ഏറ്റെടുത്ത കമ്പനിയാണ്. ഈ കമ്പനിയുടെ ഭാഗമായി ഇപ്പോൾ മാൽപെ-ഉഡുപ്പി ഷിപ്പ്‌യാർഡിൽ ഇൻസുലേറ്ററായി ജോലി ചെയ്യുകയായിരുന്നു രോഹിത്.
കൊച്ചിയിൽ ജോലി ചെയ്തിരുന്ന കാലത്ത് ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുടെ എണ്ണം ഉൾപ്പെടെ നിരവധി രഹസ്യ വിവരങ്ങൾ വാട്‌സ്ആപ്പ് വഴി രോഹിത് പാകിസ്ഥാന് കൈമാറിയിരുന്നു. ഇതിന് പ്രതിഫലവും പറ്റിയെന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ പിന്നീട് മാൽപെ-ഉഡുപ്പി യൂണിറ്റിലേക്ക് രോഹിതിനെ കമ്പനി സ്ഥലംമാറ്റി. ഉഡുപ്പിയിലെത്തിയ ശേഷവും രോഹിത് വിവരങ്ങൾ ശേഖരിച്ചു. ഇതിനായി കൊച്ചിയിൽ ഒപ്പം ജോലി ചെയ്ത തൻ്റെ നാട്ടുകാരനായ സുഹൃത്ത് ശാന്ത്രിയുടെ സഹായം ഇയാൾ തേടി. ശാന്ത്രി രോഹിതിന് വിവരങ്ങൾ കൈമാറിയതായി വ്യക്തമായി.
ദേശസുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തിയ പ്രവർത്തനത്തിൻ്റെ പേരിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് സിഇഒ മാൽപെ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതത്. പ്രതികളെ ഡിസംബർ മൂന്ന് വരെ റിമാൻ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam