
ഭോപ്പാൽ: മഹാത്മ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്സെയുടെ പേരിൽ ആരംഭിച്ച ലൈബ്രറി ജില്ലാ ഭരണകൂടം അടച്ചു പൂട്ടി. ഹിന്ദു മഹാസഭയുടെ ഗ്വാളിയോറിലെ ഓഫീസിൽ ആരംഭിച്ച ലൈബ്രറി പ്രവർത്തനം ആരംഭിച്ച് രണ്ടു ദിവസത്തിന് ശേഷമാണ് അടച്ചു പൂട്ടിയത്. ലൈബ്രറിയിലെ പുസ്തകങ്ങൾ അധികൃതർ പിടിച്ചെടുത്തു.
ലൈബ്രറിക്കെതിരെ പ്രതിഷേധം കനത്തതോടെയാണ് തുറന്ന് രണ്ടാം നാള് ലൈബ്രറിക്കെതിരെ നടപടി ഉണ്ടായത്. ജനുവരി 10നാണ് ഗോഡ്സെയുടെ പേരിൽ ഹിന്ദു മഹാസഭ ലൈബ്രറി ആരംഭിച്ചത്. ഗാന്ധി വധത്തിലേക്ക് ഗോഡ്സയെ നയിച്ച കാരണങ്ങളും പ്രസംഗങ്ങളും ലേഖനങ്ങളും ഉള്‍പ്പെട്ട കൃതികളാണ് ലൈബ്രറിയിലുള്ളത്.
ഗോഡ്സെയായിരുന്നു യഥാര്‍ഥ രാജ്യസ്നേഹിയെന്ന് ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കാനാണ് ലൈബ്രറി നിര്‍മിച്ചതെന്നും ഗോഡ്സെ മരിച്ചത് ഇന്ത്യാ വിഭജനത്തിനെതിരായി നിന്നത് കൊണ്ടാണെന്നും ഹിന്ദു മഹാസഭാ വൈസ് പ്രസിഡണ്ട് ജൈവീര്‍ ഭരദ്വാജ് പറഞ്ഞു. രാജ്യം ഭരിക്കാനുള്ള ആഗ്രഹം നിറവേറ്റാന്‍ വേണ്ടി ജവഹര്‍ലാല്‍ നെഹ്റുവിന്റെയും മുഹമ്മദലി ജിന്നയുടേയും ആവശ്യപ്രകാരമാണ് ഇന്ത്യാ വിഭജനമുണ്ടായതെന്നും ഭരദ്വാജ് പറഞ്ഞു.
വായനശാലയില്‍ പുസ്തകങ്ങളുടെ അനാവരണം സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ ജനുവരി 23ന് നടത്തുമെന്ന് ഹിന്ദു മഹാസഭ അറിയിച്ചിരുന്നു. നേരത്തെ, ഗോഡ്സെയുടെ പേരില്‍ ഹിന്ദു മഹാസഭ ക്ഷേത്രവും നിര്‍മിച്ചിരുന്നു. 1948 ജനുവരി 30 നാണ് ഗോഡ്സെ, ഗാന്ധിയെ വെടിവെച്ചുകൊല്ലുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam