
നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ രണ്ടിടത്തായി വൻ തീപിടിത്തം. നോയിഡ സെക്ടർ 75-ലെ 'ഐവി കൗണ്ടി' എന്ന ആഡംബര പാർപ്പിട സമുച്ചയത്തിലെ ഫ്ലാറ്റിലും, സെക്ടർ 52-ലെ ഒരു പേയിംഗ് ഗസ്റ്റ് താമസകേന്ദ്രത്തിലുമാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയും പോലീസും ചേർന്ന് തീയണച്ചു. രണ്ടിടത്തും ആളപായമോ ആർക്കെങ്കിലും പരിക്കേൽക്കുകയോ ചെയ്തിട്ടില്ല. രാവിലെ ഏഴരയോടെയാണ് 28 നിലകളുള്ള ഐവി കൗണ്ടി കെട്ടിട സമുച്ചയത്തിന്റെ പന്ത്രണ്ടാം നിലയിലെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായത്. തീ അതിവേഗം പടർന്നു. ആകാശത്തേക്ക് കറുത്ത പുക ഉയർന്നത് പരിഭ്രാന്തി പരത്തി.
അഗ്നിശമനസേനാ വിഭാഗം ഫ്ലാറ്റിനുള്ളിൽ കുടുങ്ങിപ്പോയ ദമ്പതികളെയും കുട്ടികളെയും സുരക്ഷിതമായി പുറത്തെത്തിച്ചു. മുൻകരുതലെന്ന നിലയിൽ ഈ ടവറിലെ മുഴുവൻ താമസക്കാരെയും ഗോവണി വഴി പുറത്തിറക്കി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. എസിയിലെ തകരാറോ, പൂജാമുറിയിൽ നിന്നോ തീപടർന്നാതാകാമെന്നാണ് നിഗമനം. ഐവി കൗണ്ടിയിലെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് തൊട്ടടുത്തുള്ള സെക്ടർ 52 ശതാബ്ദി വിഹാറിലെ ഒരു വാണിജ്യ സമുച്ചയത്തിൽ തീപിടിത്തമുണ്ടായതായി അഗ്നിശമനസേനയ്ക്ക് വിവരം ലഭിക്കുന്നത്. താഴത്തെ നിലയിൽ റെസ്റ്റോറന്റും മുകളിലത്തെ നിലകളിൽ പിജിയും പ്രവർത്തിക്കുന്ന കെട്ടിടമായിരുന്നു ഇത്. അതിവേഗം സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന 15 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു.
റെസ്റ്റോറന്റിലെ ഫ്രീസറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത്. ദില്ലിയിലെ മാളവ്യ നഗറിലെ ഒരു ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ വിദേശികളടക്കം 21 പേർ മരിച്ച ദാരുണ സംഭവത്തിന് പിന്നാലെ, നോയിഡ പോലീസും ഫയർഫോഴ്സും സംയുക്തമായി ഏഴു ദിവസത്തെ പ്രത്യേക ഫയർ സേഫ്റ്റി പരിശോധന നടത്തുന്നുണ്ട്. ഇതിനിടെയാണ് നോയിഡയിൽ രണ്ടിടത്തായി തീപിടിത്തമുണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam