ഇൻഡിഗോ വിമാനത്തിൽ എമർജൻസി വാതിൽ തുറന്ന യാത്രക്കാരൻ പിടിയിൽ. സീറ്റ് പിന്നോട്ട് ചായ്ക്കാനായി ലിവറിൽ അമർത്തിയപ്പോൾ അബദ്ധത്തിൽ വാതിൽ തുറന്നുപോയതാണെന്ന് യുവാവിന്‍റെ മൊഴി. ഇയാളെ പൊലീസിന് കൈമാറുകയും സുരക്ഷാ പരിശോധനകൾക്ക് ശേഷം വിമാനം യാത്ര തുടരുകയും ചെയ്തു.
സൂററ്റ്: വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് എമർജൻസി വാതിൽ തുറന്ന യുവാവ് പിടിയിൽ. സൂററ്റിൽ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവം. എമർജൻസി വാതിൽ തുറന്ന യാത്രക്കാരനായ ഹിതേന്ദ്ര മാനിയ എന്ന വ്യാപാരിയെ ഇൻഡിഗോ അധികൃതരും സിഐഎസ്എഫ് സേനയും ചേർന്ന് പുറത്തിറക്കി ദുമാസ് പൊലീസിന് കൈമാറി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ സൂററ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം ഉണ്ടായത്. വൈകുന്നേരം 3.20ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ 6E-419 വിമാനത്തിൽ സുഹൃത്തുക്കൾക്കൊപ്പമാണ് ഹിതേന്ദ്ര മാനിയ യാത്ര ചെയ്യാനെത്തിയത്. എമർജൻസി എക്സിറ്റിനോട് ചേർന്നുള്ള 19A വിൻഡോ സീറ്റിലായിരുന്നു ഇയാൾ ഇരുന്നിരുന്നത്. സീറ്റ് പിന്നിലേക്ക് ചാരിക്കിടക്കാനായി ഹാൻഡ്‌ലിൽ എന്ന് കരുതി അമർത്തിയത് എമർജൻസി ഡോറിന്റെ ലിവറിലായിരുന്നുവെന്നും അബദ്ധത്തിൽ വാതിൽ തുറന്നുപോയതാണെന്നുമാണ് ഹിതേന്ദ്ര മാനിയ പൊലീസിന് നൽകിയ വിശദീകരണം.
വാതിൽ തുറന്ന ഉടൻ തന്നെ ഇയാൾ കാബിൻ ക്രൂവിനെ വിവരമറിയിക്കുകയും അവർ പൈലറ്റിന് സന്ദേശം നൽകുകയുമായിരുന്നു. സംഭവത്തിൽ മനഃപൂർവ്വമായ ഉദ്ദേശ്യങ്ങൾ ഉണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് ദുമാസ് പൊലീസ് ഇൻസ്പെക്ടർ എംവി പട്ടേൽ അറിയിച്ചു. സംഭവത്തെ തുടർന്ന് സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് വിമാനം യാത്ര തുടർന്നത്. അശ്രദ്ധമായി എമർജൻസി ഡോർ കൈകാര്യം ചെയ്തതിന് ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.


