
ന്യൂഡൽഹി: ഫൂക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം (എ ഐ2379) കടുത്ത ആകാശച്ചുഴിയിൽ പെട്ട് 17 യാത്രക്കാർക്ക് പരിക്ക്. നാല് വിമാന ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. വിമാനം പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിച്ചതോടെ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന യാത്രക്കാർ വിമാനത്തിന്‍റെ മേൽത്തട്ടിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
നിയന്ത്രണം നഷ്ടപ്പെട്ടതോടെ വിമാനത്തിനുള്ളിൽ ബാഗുകളും സാധനസാമഗ്രികളും ചിതറിത്തെറിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പലരുടെയും നിലവിളിയും പ്രാർത്ഥനകളും കൊണ്ട് വിമാനത്തിനുള്ളിൽ ഭീതിദമായ അന്തരീക്ഷമാണ് ഉടലെടുത്തത്. സീറ്റ് ബെൽറ്റ് സൈൻ ഓഫായിരുന്ന സമയത്താണ് അപ്രതീക്ഷിതമായി വലിയ ആഘാതമുണ്ടായതെന്ന് യാത്രക്കാർ പറഞ്ഞു. തങ്ങൾ മരണത്തെ മുഖാമുഖം കണ്ടെന്നും, പുനർജന്മം ലഭിച്ചതുപോലെയാണ് തോന്നുന്നതെന്നും യാത്രക്കാർ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
വിമാനം ഡൽഹിയിൽ സുരക്ഷിതമായി ഇറക്കിയ ഉടൻ തന്നെ പരിക്കേറ്റ ഏഴ് യാത്രക്കാരെ വസന്ത് കുഞ്ചിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് സിടി സ്കാൻ, എംആർഐ തുടങ്ങിയ വിദഗ്ദ്ധ പരിശോധനകൾ നൽകിവരികയാണ്. വിമാനത്തിലെ പൈലറ്റും ജീവനക്കാരും പരിഭ്രാന്തരായ യാത്രക്കാരെ ആശ്വസിപ്പിക്കാൻ പരമാവധി ശ്രമിച്ചതായി യാത്രക്കാർ പറഞ്ഞു. വ്യോമയാന സുരക്ഷ ഉറപ്പാക്കുന്നതിനായി സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam