
ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ ഹന്ദ്‍വാരയിൽ മൂന്നു ദിവസമായി തുടരുന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ കൂടി സുരക്ഷാസേന വധിച്ചു. അൽപ്പം മുമ്പ് ഭീകരരുടെ വെടിയേറ്റ് ഒരു സിആർപിഎഫ് ജവാനും മരിച്ചിരുന്നു. പോരാട്ടത്തിൽ ഇതുവരെ ആറ് സുരക്ഷാ സൈനികരുടെ ജീവൻ ഇന്ത്യക്ക് നഷ്ടമായി. എത്ര തീവ്രവാദികളെ സൈന്യം വധിച്ചു എന്ന വിവരം വ്യക്തമല്ല.
ഒരു സിആർപിഎഫ് ഇൻസ്പെക്ടർ, രണ്ട് സിആർപിഎഫ് ജവാൻമാർ, രണ്ട് കരസേനാ ജവാൻമാർ, ഒരു പൊലീസുകാരൻ എന്നിവരാണ് ഇതുവരെ വീരമൃത്യു വരിച്ചത്. കുപ്‍വാരയിൽ ഒരു നാട്ടുകാരനും ആക്രമണത്തിൽ മരിച്ചു. ഇവിടെ ഭീകരരുമായിഏറ്റുമുട്ടൽ നടക്കുന്നതിനിടെ ഒരു സംഘം ചെറുപ്പക്കാർ സുരക്ഷാ സൈനികരുമായി ഏറ്റുമുട്ടിയിരുന്നു. ഈ കൂട്ടത്തിലുണ്ടായിരുന്ന വസീം അഹമ്മദ് എന്നയാളാണ് മരിച്ചത്. നിരവധി സുരക്ഷാ സൈനികർക്കും നാട്ടുകാർക്കും ആക്രമണത്തിൽ വെടിയേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ തുടങ്ങിയ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. അതിർത്തിയിൽ സംഘർഷം ശക്തമായതിനെ തുടർന്ന് ഹന്ദ്‍വാര മേഖലയിലെ ബാബാഗുണ്ടിൽ സൈന്യം നടത്തിയ തിരച്ചിലിനിടെ തീവ്രവാദികൾ നിറയൊഴിച്ചതോടെ ആയിരുന്നു ആക്രമണം തുടങ്ങിയത്. തീവ്രവാദികൾ ഒളിച്ചുകഴിഞ്ഞിരുന്ന വീടിന് സമീപം സുരക്ഷാ സൈനികർ എത്തിയതോടെ ആയിരുന്നു ആക്രമണത്തിന്‍റെ തുടക്കം.
തീവ്രവാദികളുടെ ആക്രമണം കൂടാതെ നിയന്ത്രണ രേഖയിൽ പലയിടത്തും തുടർച്ചയായ എട്ടാം ദിവസവും പാകിസ്ഥാന്‍റെ ഷെല്ലാക്രമണവും ഉണ്ടായി. രജൗരി, ഷോപിയാൻ, പൂംഛ് മേഖലകളിലെല്ലാം സംഘർഷം തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam