
ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണം കുറയ്ക്കുന്നതിനായി വിപ്ലവകരമായ മാറ്റങ്ങളുമായി സംസ്ഥാന സർക്കാർ പുതിയ ഇലക്ട്രിക് വാഹന നയത്തിന്‍റെ ഡ്രാഫ്റ്റ് പുറത്തിറക്കി. പെട്രോൾ വാഹനങ്ങൾക്ക് കൃത്യമായ സമയപരിധിക്കുള്ളിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് തലസ്ഥാന നഗരിയെ പൂർണ്ണമായും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്ക് മാറ്റാനാണ് ഈ നയം ലക്ഷ്യമിടുന്നത്. ട്രാൻസ്പോർട്ട് ഡിപ്പാർട്ട്‌മെന്‍റ് പുറത്തിറക്കിയ ഈ കരട് നയം പൊതുജനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങൾക്കായി 30 ദിവസത്തേക്ക് സമർപ്പിച്ചിരിക്കുകയാണ്.
പുതിയ നിർദ്ദേശമനുസരിച്ച് 2027 ജനുവരി 1 മുതൽ ഡൽഹിയിൽ പുതിയ ത്രീ-വീലറുകൾ ഇലക്ട്രിക് മോഡലുകൾ മാത്രമായിരിക്കും രജിസ്റ്റർ ചെയ്യാൻ അനുവദിക്കുക. 2028 ഏപ്രിൽ 1 മുതൽ ഈ നിയന്ത്രണം ടു-വീലറുകൾക്കും ബാധകമാകും. ഇതോടെ ഡൽഹിയിൽ പുതിയ പെട്രോൾ ടൂ-വീലറുകളുടെ രജിസ്ട്രേഷൻ പൂർണ്ണമായും നിലയ്ക്കും. കൂടാതെ, അഗ്രഗേറ്റർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വാണിജ്യ വാഹനങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഡെലിവറി സർവീസുകൾക്കായി ഉപയോഗിക്കുന്ന ടു-വീലറുകളും ഗുഡ്‌സ് വാഹനങ്ങളും 2026 ജനുവരി 1 മുതൽ ഇലക്ട്രിക് മാത്രമായിരിക്കണം. നിലവിലുള്ള ബിഎസ്-6 (BS-VI) പെട്രോൾ ടൂ-വീലറുകൾക്ക് 2026 ഡിസംബർ വരെ മാത്രമേ ഇത്തരം സേവനങ്ങൾക്കായി അനുമതിയുണ്ടാകൂ.
സ്കൂൾ ബസുകൾക്കും സർക്കാർ വാഹനങ്ങൾക്കും പുതിയ നയത്തിൽ പ്രത്യേക ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. സ്കൂൾ ബസുകൾ ഘട്ടംഘട്ടമായി ഇലക്ട്രിക് ആക്കും. സർക്കാർ ആവശ്യങ്ങൾക്കായി വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങൾ ഇനി മുതൽ 100 ശതമാനവും ഇലക്ട്രിക് ആയിരിക്കണം. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ആകർഷകമായ സബ്‌സിഡികളും ടാക്സ് ഇളവുകളും സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്. പഴയ വാഹനങ്ങൾ പൊളിക്കാൻ നൽകുന്നവർക്ക് 10,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ സ്ക്രാപ്പേജ് ഇൻസെന്റീവ് ലഭിക്കും. കൂടാതെ റോഡ് ടാക്സ്, രജിസ്ട്രേഷൻ ഫീ എന്നിവയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പൂർണ്ണ ഇളവ് നൽകാനും കരട് നയത്തിൽ നിർദ്ദേശമുണ്ട്.
ചാർജിംഗ് സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനായി ഡൽഹി ട്രാൻസ്കോ ലിമിറ്റഡിനെ നോഡൽ ഏജൻസിയായി നിശ്ചയിച്ചു. വാഹന ഡീലർഷിപ്പുകളിൽ ചാർജിംഗ് പോയിന്റുകൾ നിർബന്ധമാക്കും. ഇലക്ട്രിക് വാഹനങ്ങളുടെ വർദ്ധനവ് ബാറ്ററികളുടെ മാലിന്യപ്രശ്നമുണ്ടാക്കാതിരിക്കാൻ ശാസ്ത്രീയമായ റീസൈക്ലിംഗ് സംവിധാനവും നടപ്പിലാക്കും. സമ്പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയായിരിക്കും സബ്‌സിഡികളും മറ്റും വിതരണം ചെയ്യുക. ഡൽഹിയിലെ ശൈത്യകാലത്തെ പുകമഞ്ഞ് പ്രതിസന്ധി പരിഹരിക്കാനും അന്തരീക്ഷ വായു ശുദ്ധീകരിക്കാനും ഈ പുതിയ നയം വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam