ആ​ഗോള ഭക്ഷ്യപ്രതിസന്ധി മറികടക്കാൻ ഐ2യു2; ഇന്ത്യയിൽ കാർഷിക പാർക്കുകൾ സ്ഥാപിക്കാൻ യുഎഇ നിക്ഷേപമിറക്കും

Published : Jul 14, 2022, 09:59 PM ISTUpdated : Jul 14, 2022, 10:06 PM IST
ആ​ഗോള ഭക്ഷ്യപ്രതിസന്ധി മറികടക്കാൻ ഐ2യു2; ഇന്ത്യയിൽ കാർഷിക പാർക്കുകൾ സ്ഥാപിക്കാൻ യുഎഇ നിക്ഷേപമിറക്കും

Synopsis

ലോകം മുഴുവൻ അഭിമുഖീകരിക്കുന്ന അടിയന്തര പ്രതിസന്ധിയെ നേരിടാൻ ഭക്ഷ്യസുരക്ഷയെയും കാർഷിക സാങ്കേതികവിദ്യയെയും കുറിച്ച് സുപ്രധാനമായ പ്രഖ്യാപനം  ഉച്ചകോടിയിലുണ്ടാകുമെന്ന് ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ദില്ലി: അമേരിക്കയുടെയും ഇസ്രായേലിന്റെയും സാങ്കേതിക സഹായത്തോടെ യുഎഇ ഇന്ത്യയിൽ കാർഷിക പാർക്കുകൾ സ്ഥാപിക്കുന്നതിനായി നിക്ഷേപമിറക്കുമെന്ന് റിപ്പോർട്ട്. ഇതിനായി  200 കോടി ഡോളറാണ് യുഎഇ ഇന്ത്യയിൽ നിക്ഷേപിക്കാനൊരുങ്ങുന്നത്. വ്യാഴാഴ്ച നടക്കുന്ന ആദ്യ I2U2 ഉച്ചകോടിയിൽ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ കാർഷിക പാർക്കുകൾക്കായി യുഎഇ ധനസഹായം നൽകുന്ന 200 കോടി ഡോളറിന്റെ വൻ പദ്ധതിയുണ്ടെന്നും കൂടുതൽ കാര്യങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. റഷ്യ-‌യുക്രൈൻ സംഘർഷം മൂലം കാർഷിക ഉൽപന്നങ്ങളുടെ ആഗോള വിതരണ ശൃംഖലയിലെ പ്രതിസന്ധി നേരിടുന്നതിനെ തുടർന്ന് ലോകഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനായാണ് ഇന്ത്യ, ഇസ്രായേൽ, യുഎസ്എ, യുഎഇ രാജ്യങ്ങൾ കൈകോർക്കുന്നത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും യുഎസിന്റെ പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേൽ പ്രധാനമന്ത്രി യെയർ ലാപിഡും ഉച്ചകോടിയിൽ പങ്കെടുക്കും. ഈ നാല് രാജ്യങ്ങൾ അടങ്ങുന്ന പുതിയ സഖ്യമാണ് ഐ2യു2 (I2U2). കാർഷിക സാങ്കേതികവിദ്യയിലെ സഹകരണത്തെക്കുറിച്ചും ആഗോള ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും രാഷ്ട്ര നേതാക്കൾ ചർച്ചചെയ്യും. 

ലോകം മുഴുവൻ അഭിമുഖീകരിക്കുന്ന അടിയന്തര പ്രതിസന്ധിയെ നേരിടാൻ ഭക്ഷ്യസുരക്ഷയെയും കാർഷിക സാങ്കേതികവിദ്യയെയും കുറിച്ച് സുപ്രധാനമായ പ്രഖ്യാപനം  ഉച്ചകോടിയിലുണ്ടാകുമെന്ന് ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുക്രൈനിലെ തുറമുഖത്ത് നിന്നുള്ള ധാന്യ കയറ്റുമതി തടയാൻ റഷ്യ യുദ്ധക്കപ്പലുകൾ വിന്യസിച്ചതിനാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ലോകമെമ്പാടുമുള്ള ഭക്ഷ്യവില കുതിച്ചുയരുകയാണ്.

 യുഎസ് സ്വകാര്യമേഖലയിൽ നിന്നുള്ള പിന്തുണ കൂടാതെ ഇസ്രായേൽ അതിന്റെ സാങ്കേതിക വിദ്യയും നൽകും. ജലം, ഊർജം, ഗതാഗതം, ബഹിരാകാശം, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നിങ്ങനെ പരസ്പരം തിരിച്ചറിഞ്ഞ ആറ് മേഖലകളിൽ സംയുക്ത നിക്ഷേപം പ്രോത്സാഹിപ്പിക്കാനാണ് ഐ2യു2 ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

വിധി പറഞ്ഞിട്ട് ആറ് വർഷം, ഇനിയും നിർമാണം ആരംഭിക്കാതെ അയോധ്യയിലെ മുസ്ലിം പള്ളി, ഏപ്രിലിൽ തുടങ്ങുമെന്ന് പ്രഖ്യാപനം
കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു