
ദില്ലി: പൗരത്വനിയമ ഭേദഗതിയ്ക്ക് എതിരെ കാറിലിരുന്ന് സംസാരിച്ചതിന്റെ പേരിൽ യാത്രക്കാരനായ കവിയെ പൊലീസിലേൽപിച്ച ഊബർ ഡ്രൈവറെ ജോലിയിൽ തിരികെ പ്രവേശിപ്പിച്ചു. ജയ്പൂരിൽ നിന്നുള്ള കവിയും സാമൂഹ്യപ്രവർത്തകനുമായ ബപ്പാദിത്യ സർക്കാരിനെയാണ് പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് ഫോണിലൂടെ സംസാരിച്ചതിനെ തുടർന്ന് ഊബർ ഡ്രൈവറായ രോഹിത് ഗൗർ പൊലീസിൽ ഏൽപിച്ചത്. സംഭവം ചർച്ചയായതിന് പിന്നാലെ രോഹിത് ഗൗറിനെ ഊബർ താത്ക്കാലികമായി സസ്പെൻഡ് ചെയ്തിരുന്നു. 72 മണിക്കൂർ നേരം മൊബൈൽ ആപ്പ് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. അന്വേഷണ വിധേയമായാണ് ഇയാളെ സസ്പെൻഡ് ചെയ്യുന്നതെന്നും ഊബർ അറിയിച്ചിരുന്നു.
ഉപഭോക്താക്കളുമായിട്ടുള്ള നല്ല ഇടപെടൽ, ഡ്രൈവിംഗ് മര്യാദകൾ എന്നിവയെക്കുറിച്ച് കൂടുതൽ ബോധ്യങ്ങളുണ്ടാകാൻ ഗൗറിനെ ക്ലാസ്സുകളിൽ പങ്കെടുപ്പിക്കുമെന്നും ഊബർ അറിയിച്ചിരുന്നു. എല്ലാ ഡ്രൈവേഴ്സും ഇത്തരം ക്ലാസ്സുകളിൽ പങ്കെടുത്തതിന് ശേഷമാണ് ജോലിയിൽ പ്രവേശിക്കുന്നത്. ഗൗറിനെ ഒരിക്കൽകൂടി ക്ലാസ്സിൽ പങ്കെടുപ്പിക്കുമെന്ന് ഊബർ വക്താവ് പ്രസ്താവിച്ചു. അതേ സമയം മുംബൈയിലെ ബിജെപി നേതാക്കൾ അലർട്ട് സിറ്റിസൺ പുരസ്കാരം നൽകി രോഹിത് ഗൗറിനെ ആദരിച്ചിരുന്നു.
മുംബൈയിലെ ജുഹുവില്‍ നിന്നും കുർലയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ബപ്പാദിത്യ സർക്കാർ. ഊബർ ടാക്സിയിൽ കയറിയതിന് ശേഷം ഷഹീന്‍ബാഗില്‍ പൗരത്വനിയമഭേദഗതിയ്ക്കതിരെ നടക്കുന്ന സമരത്തെക്കുറിച്ച് സുഹൃത്തിനോട് ഫോണിൽ സംസാരിക്കുകയായിരുന്നു ബപ്പാദിത്യ. സംഭാഷണം ശ്രദ്ധിച്ച ഡ്രൈവർ എടിഎമ്മിൽ നിന്നും പണമെടുക്കാനുണ്ടെന്നു പറഞ്ഞ് ഇടക്ക് വണ്ടി നിർത്തി. പിന്നീട് തിരിച്ചെത്തിയത് പൊലീസുമായാണ്. രണ്ട് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ബപ്പാദിത്യയെ പൊലീസ് വിട്ടയച്ചിരുന്നു. സാമൂഹ്യ പ്രവർത്തകയായ കവിതാ കൃഷ്ണനാണ് ഈ സംഭവത്തെക്കുറിച്ച് ട്വിറ്ററിൽ പങ്കുവച്ചത്. പിന്നീടത് ചർച്ച ചെയ്യപ്പെടുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam