
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ബിൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. ഗുജറാത്ത്, അസം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ മാതൃകയിൽ കൃത്യമായ നിയമനടപടികൾ പാലിച്ചായിരിക്കും സംസ്ഥാനത്ത് യുസിസി നടപ്പിലാക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ബംഗാളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഏകീകൃത സിവിൽ കോഡ്. അധികാരത്തിൽ വന്ന് ആറ് മാസത്തിനകം ഇത് നടപ്പിലാക്കുമെന്നായിരുന്നു പ്രകടനപത്രികയിലെ പ്രഖ്യാപനം. എന്നാൽ, നിശ്ചയിച്ച സമയപരിധിക്കും വളരെ മുൻപാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ബിൽ നിയമസഭയിൽ കൊണ്ടുവരുന്നത്.
ബജറ്റ് സമ്മേളനത്തിനിടയിലാണ് തിങ്കളാഴ്ച ബിൽ സഭയുടെ പരിഗണനയ്ക്ക് വരുന്നത്. വ്യാഴാഴ്ച വൈകുന്നേരം നിയമസഭയിൽ ചേർന്ന ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് ബിൽ തിങ്കളാഴ്ച അവതരിപ്പിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രിസഭാ വൃത്തങ്ങൾ സൂചിപ്പിച്ചു. കൊൽക്കത്തയിൽ ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ ജന്മദിനാഘോഷ ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയത്. യുസിസി നടപ്പിലാക്കുന്നതിന് കൃത്യമായ നിയമപരമായ നടപടിക്രമങ്ങളുണ്ടെന്നും ബംഗാൾ അത് പൂർണ്ണമായി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവാഹം, വിവാഹമോചനം, സ്വത്ത് അവകാശം, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ എല്ലാ മതസ്ഥർക്കും ഒരേ നിയമം ബാധകമാക്കുന്നതാണ് ഏകീകൃത സിവിൽ കോഡ്. ബില്ലിലൂടെ ബഹുഭാര്യത്വവും മുത്തലാഖും നിരോധിക്കാനും ലിവ്-ഇൻ പങ്കാളിത്തങ്ങൾ നിർബന്ധിതമായി രജിസ്റ്റർ ചെയ്യാനും നിർദ്ദേശമുണ്ട്. നിയമത്തിന് മുന്നിൽ തുല്യത ഉറപ്പാക്കാനും ദേശീയ ഒരുമ ശക്തിപ്പെടുത്താനും യുസിസി അനിവാര്യമാണെന്നാണ് ബിജെപിയുടെ വാദം. എന്നാൽ, വ്യക്തിനിയമങ്ങൾ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ടിഎംസിയും സിപിഎമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. യുസിസി ബില്ലിന് പുറമെ, സംസ്ഥാനത്തെ അക്രമസംഭവങ്ങളും പൊതുമുതൽ നശിപ്പിക്കലും തടയുന്നതിനായി 'ദി വെസ്റ്റ് ബംഗാൾ പബ്ലിക് സേഫ്റ്റി ആൻഡ് കൺട്രോൾ ഓഫ് ആന്റി സോഷ്യൽ ആക്റ്റിവിറ്റീസ് ബിൽ 2026' ഉൾപ്പെടെ മറ്റ് നാല് സുപ്രധാന ബില്ലുകളും തിങ്കളാഴ്ച സഭയിൽ അവതരിപ്പിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam