
ദില്ലി: ശിവസേന ഏക്നാഥ് ഷിൻഡെ പക്ഷത്തേക്കെന്ന് ഉദ്ധവ് താക്കറെയെ കൈവിട്ട ഏഴ് എംപിമാരിൽ ഒരാളുടെ സ്ഥിരീകരണം. നാഗേഷ് പാട്ടീൽ അഷ്ടിക്കർ ആണ് ഏക്നാഥ് ഷിൻഡെയ്ക്കൊപ്പം ചേരുമെന്ന് വ്യക്തമാക്കിയത്. മണ്ഡലത്തിൽ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ ഫണ്ട് വേണമെന്ന് ഹിംഗോളിയിൽ നിന്നുള്ള എംപിയായ നാഗേഷ് പാട്ടീൽ അഷ്ടിക്കർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.
ജനങ്ങളേറെ പ്രതീക്ഷകളോടെയാണ് തന്നെ തെരഞ്ഞെടുത്തതെന്നും അവരുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കുകയെന്നത് തന്റെ ചുമതലയാണെന്നും നാഗേഷ് പാട്ടീൽ അഷ്ടിക്കർ എംപി പറഞ്ഞു. എന്നാൽ തനിക്ക് വികസന ഫണ്ടുകളൊന്നും ലഭിക്കുന്നുണ്ടായിരുന്നില്ല. അഞ്ചുകോടി രൂപയുടെ എംപിഎൽഎഡിഎസ് ഫണ്ട് വളരെ പരിമിതമാണ്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ജനങ്ങൾക്കായി തുടർന്നും പ്രവർത്തിക്കും, ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം പൂർത്തിയാക്കുകയും ചെയ്യുമെന്നും എംപി വ്യക്തമാക്കി.
ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തെ സഞ്ജയ് റാവത്തിൻ്റെ ചില പരാമർശങ്ങളാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ തന്നെ നിർബന്ധിതനാക്കിയതെന്നും നാഗേഷ് പാട്ടീൽ അഷ്ടിക്കർ ചൂണ്ടിക്കാട്ടി. ജൂൺ 18 വരെ താനും മറ്റു ചില എംപിമാരും തീരുമാനങ്ങൾ എടുത്തിരുന്നില്ല. എന്നാൽ വ്യാഴാഴ്ച മുതൽ തങ്ങൾക്കെതിരെ നടത്തിയ ചില പരാമർശങ്ങളെ തുടർന്ന് ഇവിടെ നിന്നിട്ട് ഒരു കാര്യവുമില്ലെന്ന് തിരിച്ചറിഞ്ഞുവെന്നും എംപി പറഞ്ഞു. താൻ മറ്റ് എവിടേക്കും അല്ല പോകുന്നതെന്നും ഒരു ശിവസേനയിൽനിന്ന് മറ്റൊരു ശിവസേനയിലേക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാഗേഷ് പാട്ടീൽ അഷ്ടിക്കറിന് പുറമേ, ഉദ്ധവ് താക്കറെ പക്ഷത്തെ എംപിമാരായ സഞ്ജയ് ദിന പാട്ടീൽ, സഞ്ജയ് ദേശ്മുഖ്, സഞ്ജയ് ജാദവ്, ഭാവുസാഹേബ് വാക്ക്ചൗരെ, ഓംപ്രകാശ് രാജെ നിംബാൽക്കർ എന്നിവരാണ് ജൂൺ 17ന് ദില്ലിയിൽ നടന്ന പാർട്ടിയുടെ പാർലമെൻ്ററി യോഗത്തിൽനിന്ന് വിട്ടുനിന്നത്. ഇതോടെയാണ് എംപിമാർ ഏക്നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേനയിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നത്. ഉദ്ധവ് താക്കറെ പക്ഷത്ത് ആകെ ഒൻപത് എംപിമായിരുന്നു ഉണ്ടായിരുന്നത്. വിമതർക്ക് കൂറുമാറ്റ നിരോധന നിയമം മറികടക്കാൻ ആറ് എംപിമാരുടെ പിന്തുണ അനിവാര്യമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam