
ദില്ലി: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നിർണായക നീക്കവുമായി മുൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രംഗത്ത്. ശിവസേനയുടെ അവകാശത്തെ ചൊല്ലിയുടെ പോരാട്ടവുമായി ഉദ്ദവ് കോടതി കയറുകയാണ്. പാർട്ടിയുടെ പേരും ചിഹ്നവും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ചൂണ്ടികാട്ടിയാണ് ഉദ്ദവ് പക്ഷം കോടതിയിലേക്ക് പോരാട്ടം മാറ്റിയത്. പാർട്ടി പേരിലും ചിഹ്നത്തിന്‍റെ കാര്യത്തിലും വ്യക്തമായ തീരുമാനം എടുക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദില്ലി ഹൈക്കോടതിയെ ആണ് സമീപിച്ചിരിക്കുന്നത്. പാർട്ടിയുടെ പേരും ചിഹ്നവും മരവിപ്പിച്ച തീരുമാനത്തിനെതിരെയാണ് ഉദ്ദവ് കോടതിയിലെത്തിയത്. കമ്മീഷന്‍റെ തീരുമാനം നിയമവിരുദ്ധമെന്നാണ് ഉദ്ദവ് താക്കറെയുടെ വാദം. മുതിർന്ന അഭിഭാഷകരായ കപിൽ സിബലും ദേവദത്ത് കമ്മത്തുമാണ് ഉദ്ദവ് പക്ഷത്തിനായി കോടതിയിൽ വാദിക്കുക.
കഴിഞ്ഞ മാസം മഹാരാഷ്ട്രയിലെ ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയം നേടാനായതോടെ ഉദ്ദവ് പക്ഷത്തിന്‍റെ ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്. 1165 പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി സഖ്യം കൂടുതൽ സീറ്റുകളിൽ വിജയം നേടിയിരുന്നു. തെരഞ്ഞെടുപ്പിൽ ഷിൻഡെ പക്ഷത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് വിജയം അവകാശപ്പെട്ട് പിന്നാലെ രംഗത്തെത്തിയ ഉദ്ദവ് താക്കറെ എൻ ഡി എ മുന്നണിയെ കണക്കറ്റ് പരിഹസിച്ചിരുന്നു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡയെ ലക്ഷ്യം വയ്ക്കുന്നതായിരുന്നു ഉദ്ദവിന്‍റെ പരിഹാസം. 'എന്‍റെ പാർട്ടിയുടെ പേരും ചിഹ്നവും മരവിപ്പിച്ചവർ ഇപ്പോൾ ഓടിപ്പോകുന്നതാണ് കാണുന്നതെന്നാണ് ഉദ്ദവ് താക്കറെ പ്രതികരിച്ചത്. ജനങ്ങളാണ് യഥാർത്ഥ തീരുമാനം എടുക്കുന്നതെന്ന് ഓർക്കണമെന്നും പാർട്ടിയും ചിഹ്നവും അധികം വൈകാതെ തങ്ങൾക്ക് ലഭിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇതിന് പിന്നാലെയാണ് ചിഹ്നത്തിനും പാർട്ടി പേരിനും വേണ്ടിയുള്ള പോരാട്ടം ഉദ്ദവ് കോടതിയിലേക്ക് മാറ്റിയത്.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഖാഡി സഖ്യം സർക്കാരിനെ അട്ടിമറിച്ചാണ് ഒരു വിഭാഗം ശിവസേനാ എം എൽ എമാരെയും കൂട്ടി ഏക്നാഥ് ഷിൻഡെ ബി ജെ പിക്കൊപ്പം ചേർന്ന് സർക്കാരുണ്ടാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam