ഇന്ധന വില കുറയ്‍ക്കേണ്ടതിന്‍റെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിന്, സംസ്ഥാനങ്ങള്‍ക്കല്ല; ശശി തരൂര്‍

By Web TeamFirst Published Jul 17, 2021, 1:03 PM IST
Highlights

മോദി സർക്കാരിന്റെ ഏഴുവർഷത്തെ ദുര്‍ഭരണവും തെറ്റായ തീരുമാനങ്ങളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ശശി തരൂര്‍ കുറ്റപ്പെടുത്തി.

ചെന്നൈ: കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണെന്ന് കോണ്‍ഗ്രസ് എംപി ഡോ. ശശി തരൂര്‍. ഇന്ധന വില നിയന്ത്രിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളല്ലെന്നും തരൂര്‍ പറഞ്ഞു. തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനമായ സത്യമൂർത്തി ഭവനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാരുകൾ ഇന്ധനത്തിന്മേലുള്ള നികുതി കുറയ്ക്കണമെന്ന് പ്രതീക്ഷിക്കുന്നത് അനീതിയാണ്. ഇന്ധനവിലയ്ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ സെസ്സും ചുമത്തുന്നുണ്ട്. സെസിന്റെ 96 ശതമാനവും കേന്ദ്ര സര്‍ക്കാരിനാണെണെന്നത് ഓര്‍ക്കണമെന്നും  തരൂര്‍ പറഞ്ഞു. വിവധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫംല വന്നതിന് പിന്നാലെ മെയ് നാലിന് ശേഷം ഇന്ധന വില 40 മടങ്ങ് വർധിപ്പിച്ചതായി തരൂര്‍ ചൂണ്ടിക്കാട്ടി. 

പെട്രോള്‍- ഡീസല്‍ വില കൂടിയതിന് പിന്നാലെ പച്ചക്കറികൾ, പഴങ്ങൾ, പയറുവർഗ്ഗങ്ങൾ, മറ്റ് അവശ്യ ഗാർഹിക വസ്തുക്കൾ എന്നിവയ്ക്കും വില കൂടി. ആരോഗ്യകരമായ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് അല്ല ഇത്. വിലക്കയറ്റം ചെറു്കകാനായി മോദി സര്‍ക്കാര്‍ ഒരുനടപടിയിും സ്വീകരിച്ചില്ലെന്ന് തരൂര്‍ കുറ്റപ്പെടുത്തി.

മോദി സർക്കാരിന്റെ ഏഴുവർഷത്തെ ദുര്‍ഭരണവും തെറ്റായ തീരുമാനങ്ങളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പാം ഓയിൽ, പയർവർഗ്ഗങ്ങൾ തുടങ്ങിയ ചില അവശ്യവസ്തുക്കളുടെ ഇറക്കുമതി തീരുവ വർധിച്ചിട്ടുണ്ട്.  നികുതിയും സെസ്സും കുറച്ച്  ഇന്ധന വില നിയന്ത്രിക്കാന്‍‌ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!