മുഖ്യമന്ത്രി രാജിവെക്കണം, മണിപ്പൂർ സംഘർഷം പാർലമെന്റ് സമിതി ചർച്ച ചെയ്യണം, പ്രധാനമന്ത്രി മൗനം വെടിയണം: കോൺഗ്രസ്

Published : Jul 01, 2023, 08:19 PM ISTUpdated : Jul 01, 2023, 09:10 PM IST
മുഖ്യമന്ത്രി രാജിവെക്കണം, മണിപ്പൂർ സംഘർഷം പാർലമെന്റ് സമിതി ചർച്ച ചെയ്യണം, പ്രധാനമന്ത്രി മൗനം വെടിയണം: കോൺഗ്രസ്

Synopsis

പാർലമെൻററി നയരൂപീകരണ സമിതി യോഗത്തിന് ശേഷം മണിപ്പൂർ, ഏക സിവിൽ കോഡ് വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് 

ദില്ലി : സംഘർഷ ഭരിതമായ മണിപ്പൂരിലെ മുഖ്യമന്ത്രി ബീരേന്‍ സിങ് രാജിവയ്ക്കണമെന്ന്  കോൺഗ്രസ്  പാര്‍ട്ടി വക്താവ് ജയറാം രമേശ്. സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന കോൺഗ്രസിന്റെ പാർലമെൻററി നയരൂപീകരണ സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ജയറാം രമേശ്, മണിപ്പൂർ വിഷയത്തിൽ ചർച്ച വേണമെന്ന ആവശ്യം ആവർത്തിച്ചു. പ്രധാനമന്ത്രി മണിപ്പൂർ വിഷയത്തിൽ പുലർത്തുന്ന മൗനം വെടിയണം. പാർലമെന്റ് സമിതി മണിപ്പൂർ സംഘർഷം ചർച്ച ചെയ്യണം. പാർലമെന്റിന്റെ ആഭ്യന്തര കമ്മിറ്റിയിൽ ഈ വിഷയത്തിന്മേൽ ചർച്ച വേണമെന്നാവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചിട്ടില്ല. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടി, ഒഡീഷ ട്രെയിൻ ദുരന്തം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിലും ചർച്ച വേണം. അദാനി വിഷയത്തിലെ ജെപിസി അന്വേഷണമെന്ന ആവശ്യവും പരിഗണിക്കണമെന്ന് ജയറാം രമേശ് അഭിപ്രായപ്പെട്ടു. യുക്രൈൻ യുദ്ധത്തിലും വിമത നീക്കത്തിലും റഷ്യൻ പ്രസിഡന്‍റ് വ്ളാദിമർ പുടിനുമായി സംസാരിച്ച മോദിക്ക് സ്വന്തം രാജ്യത്തെ കലാപത്തില്‍ ഇടപെടാൻ സമയമില്ലെന്ന വിമർശനവും കോണ്‍ഗ്രസ് ഉയർത്തി. 

അതേ സമയം, ഏക സിവിൽ കോഡിൽ കോൺഗ്രസ് ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല. വിഷയത്തിൽ കൂടുതൽ ചർച്ച ആവശ്യമാണെന്നും കരട് പുറത്തിറങ്ങുകയോ, ചര്‍ച്ചകള്‍ നടത്തുകയോ ചെയ്താല്‍ അപ്പോള്‍ പരിശോധിച്ച് നിലപാടറിയിക്കാമെന്നുമാണ് ഇന്ന് സോണിയാ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷം പാർട്ടി വക്താവ് അറിയിച്ചത്. നേരത്തെ ഹിമാചൽ മന്ത്രിയും കോൺഗ്രസ് നേതാവുമായ വിക്രമാദിത്യ സിങ് സിവിൽ കോഡിനെ അനുകൂലിച്ചിരുന്നു. എ എ പിയും ശിവസേനയും പിന്തുണച്ചതോടെ പ്രതിപക്ഷ നിരയിൽ ഭിന്നത തുടരുകയാണ്.

രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനത്തെ അഭിനന്ദിച്ച് ബിജെപി

രാജി അഭ്യൂഹം, പിന്നാലെ രാജിക്കത്ത് കീറിയെറിയൽ

മണിപ്പൂരില്‍ കലാപം നേരിടുന്നതില്‍ സർക്കാർ പരാജയപ്പെട്ടെന്ന വിമർശനം ശക്തമായിരിക്കെ ഇന്നലെ മുഖ്യമന്ത്രി ബീരേന്‍ സിങ് രാജിവെക്കുമെന്ന അഭ്യൂഹം പടർന്നിരുന്നു. എന്നാൽ വൈകിട്ടോടെ അണികളെത്തി രാജിക്കത്ത് കീറിയെറിഞ്ഞ് മുഖ്യമന്ത്രിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇതോടെ രാജിയില്ലെന്ന് മുഖ്യമന്ത്രി ബീരേന്‍ സിങ് പ്രഖ്യാപിച്ചു. ജനങ്ങള്‍ക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ടമായെന്ന് കരുതിയാണ് രാജിക്ക് മുതിര്‍ന്നതെന്നും രാജ്ഭവനിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ ജനം തന്നെ തടഞ്ഞ് തന്നിലുള്ള വിശ്വാസം പ്രകടിപ്പിച്ചുവെന്നും ഇതാണ് രാജി തീരുമാനത്തില്‍ നിന്ന് തന്നെ പിന്തിരിപ്പിച്ചതെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്ത് പലയിടത്തും ബിജെപി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും കോലങ്ങള്‍ കത്തിച്ചു. മണിപ്പൂരിനായി ഇത്രയും പ്രവർത്തിച്ചിട്ടും ആ ആക്രമണങ്ങൾ കണ്ടപ്പോൾ വേദന തോന്നുകയാണെന്നും മുഖ്യമന്ത്രി പറയുന്നു. 

രാവിലെ മുഖ്യമന്ത്രിയുടെ രാജി അഭ്യൂഹം, പിന്നാലെ അനുയായികളുടെ മനുഷ്യച്ചങ്ങല, മണിപ്പൂരിൽ രാജി നാടകം

ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

എന്നാൽ സംഘർഷം രൂക്ഷമായ സംസ്ഥാനത്ത് മുഖ്യമന്ത്രി നടത്തിയ രാജി നാടകത്തിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്. ബീരേൻ സിംഗ് രാജി വയ്ക്കാനുള്ള തീരുമാനമില്ലായിരുന്നുവെന്നാണ് കേന്ദ്ര നേതൃത്വം പറയുന്നത്. മുഖ്യമന്ത്രി രാജി വെക്കണോയെന്നത് പാർലമെൻററി ബോർഡാണ് തീരുമാനിക്കേണ്ടതെന്നിരിക്കെ,  പാർട്ടി തീരുമാനിക്കാതെ നടത്തിയ നീക്കത്തിലൂടെ പ്രതിച്ഛായ കൂടുതല്‍ മോശമായെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. രാജി നാടകം പ്രതിപക്ഷത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകളെ വിമർശിക്കാനുള്ള മറ്റൊരു അവസരം ഒരുക്കുകയും ചെയ്തുവെന്നും ബിജെപി വിലയിരുത്തുന്നു. 
 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി