'ക്രമസമാധാന പാലനം സർക്കാരിന്റെ കടമയാണ്'; കർണാൽ ലാത്തിച്ചാർജ്ജിനെ ന്യായീകരിച്ച് കേന്ദ്ര കൃഷിമന്ത്രി

By Web TeamFirst Published Aug 30, 2021, 5:01 PM IST
Highlights

ക്രമസമാധാന പാലനം സർക്കാരിന്റെ കടമയാണ്. അതിന് കർശന നടപടി അനിവാര്യമാണ് എന്നാണ് മന്ത്രിയുടെ ന്യായീകരണം. കർഷക സമരം ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും നരേന്ദ്രസിംഗ് തോമര്‍ പറഞ്ഞു.

ദില്ലി: കർണാൽ ലാത്തിച്ചാർജ്ജിനെ ന്യായീകരിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍. ക്രമസമാധാന പാലനം സർക്കാരിന്റെ കടമയാണ്. അതിന് കർശന നടപടി അനിവാര്യമാണ് എന്നാണ് മന്ത്രിയുടെ ന്യായീകരണം. കർഷക സമരം ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും നരേന്ദ്രസിംഗ് തോമര്‍ പറഞ്ഞു.

അതിനിടെ, കർഷക സമരത്തെക്കുറിച്ചുള്ള ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ പ്രസ്താവനക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് രം​ഗത്തെത്തി.  ഖട്ടാർ സർക്കാരിൻ്റെ കർഷകവിരുദ്ധ നയം തുറന്നു കാട്ടുന്ന പ്രസ്താവനയാണ് അതെന്ന് അമരീന്ദർ സിം​ഗ് അഭിപ്രായപ്പെട്ടു. കര്‍ണാലില്‍ കര്‍ഷകര്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമങ്ങളെ ന്യായീകരിച്ച ഹരിയാന മുഖ്യമന്ത്രി, കര്‍ഷകര്‍ പൊലീസിനെ ആക്രമിച്ചതിനാല്‍ പൊലീസ് ചെറുത്ത് നില്‍ക്കുകയായിരുന്നുവെന്നാണ് പറഞ്ഞത്. ‘കർഷകര്‍ക്ക് സമാധാനപരമായ രീതിയില്‍  പ്രതിഷേധിക്കാമായിരുന്നു. അങ്ങനെയെങ്കില്‍ അവരെ ആരും തടയില്ലായിരുന്നു. പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് അവര്‍ ആദ്യമേ ഉറപ്പ് തന്നിരുന്നു. എന്നാല്‍ അവര്‍ റോഡ് തടയുകയും പൊലീസിന് നേരെ കല്ലെറിയുകയുമായിരുന്നു. പൊലീസ് ക്രമസമാധാനം സംരക്ഷിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തത്,’ എന്നായിരുന്നു ഖട്ടാറിന്റെ പ്രസ്താവന. 

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ വിളിച്ചു ചേര്‍ത്ത ബി ജെ പി ജനപ്രതിനിധികളുടെ യോഗത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേവുമായി എത്തുകയായിരുന്നു. പ്രതിഷേധക്കാരെ നേരിടാന്‍ പൊലീസ് ലാത്തി വീശിയതിനെ തുടര്‍ന്ന് നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റിരുന്നു. കേന്ദ്രസർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചാണ് കർഷക സംഘടനകൾ ​ഗുരുദ്വാര കർ സേവയിൽ പ്രതിഷേധക്കാരുടെ യോ​ഗം വിളിച്ചു ചേർത്തത്. കർഷകരുടെ ഒത്തുചേരൽ ഒഴിവാക്കാൻ ​ഗുരുദ്വാരയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും ജില്ലാ ഭരണകൂടം അടച്ചുപൂട്ടിയിരുന്നു. ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് വരാനുള്ള കർഷകരുടെ ശ്രമമാണ് സംഘർഷത്തിന് കാരണമെന്നാണ് ഹരിയാന പൊലീസിന്റെ വിശദീകരണം. കർഷകരുടെ മൂന്നാം ഘട്ട സമര പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight

click me!