
ദില്ലി: ദില്ലി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാമത് ബജറ്റ് അവതരണം പുരോഗമിക്കുന്നതിനിടെ പുതിയ ആദായ നികുതി നിയമം പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. 2026 ഏപ്രിൽ മുതൽ പുതിയ ആദായ നികുതി നിയമം രാജ്യത്ത് നിലവിൽ വരും. ടാക്സ് നിയമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം നിലവിൽ വരുന്നത്. അതേസമയം, ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ലെന്ന് നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
പുതുതായി നിലവിൽ വരുന്ന നിയമം ആദായ നികുതി ഫയലിങ് ആയാസരഹിതമാക്കും. വരുമാനത്തെ കുറച്ച് തെറ്റായ വിവരങ്ങൾ നൽകിയാൽ കടുത്ത ശിക്ഷയാണ് പുതിയ നിയമത്തിൽ പറയുന്നത്. വിദേശ സ്വത്ത് വെളിപ്പെടുത്താൻ 6 മാസമാണ് സമയം അനുവദിച്ചിട്ടുള്ളത്. ചെറിയ നികുതി വെട്ടിപ്പുകൾക്ക് പിഴ മാത്രമാണ് ശിക്ഷ. ജൂലൈ 31വരെ ടാക്സ് റിട്ടേണുകൾ സമർപ്പിക്കും. പരിശോധക്ക് ശേഷവും റിട്ടേൺ വിവരങ്ങൾ പുതുക്കാം. വാഹനാപകട നഷ്ടപരിഹാര തുകയ്ക്ക് ഇനി മുതൽ നികുതി ഉണ്ടായിരിക്കില്ല.
അതേസമയം, വാഹനാപകട ഇൻഷുറൻസ് ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ധനകമ്മി ജിഡിപിയുടെ 4.5 ശതമാനമായി കുറയ്ക്കുമെന്നും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ പറയുന്നു. വിദേശ ഇന്ത്യക്കാരുടെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിന് നികുതി കുറയ്ക്കും. വിദേശയാത്രയുടെ ടിസിഎസ് 5ൽ നിന്ന് 2 ശതമാനമാക്കി. മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള ടിസിഎസും 5ൽ നിന്ന് 2 ശതമാനമാക്കി.
ക്ലൗഡ് സർവീസുകൾക്ക് 2047വരെ ടാക്സ് ഹോളിഡേ ആണ്. കാപക്സിൽ നിക്ഷേപിക്കുന്ന വിദേശ ഇന്ത്യക്കാർക്ക് 5 വർഷത്തേക്ക് നികുതിയിളവ് ഉണ്ടാകും. വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും. എയർക്രാഫ്റ്റ് ഭാഗങ്ങൾക്ക് നികുതിയില്ല. 17 കാൻസർ മരുന്നുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. മൈക്രോവേവ് ഉപകരണങ്ങളുടെ ഭാഗങ്ങൾക്കും നികുതി കുറയ്‌ക്കുമെന്നും ബജറ്റിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam