
ദില്ലി: കേന്ദ്ര ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കേ ആദായ നികുതിയിൽ ഇളവ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് സൂചന നൽകി സർക്കാർ വൃത്തങ്ങൾ. അടിസ്ഥാന സൗകര്യ വികസനത്തിനും നിക്ഷേപത്തിനുമായിരിക്കും ബജറ്റിൽ ഊന്നൽ. വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സാമൂഹിക, സുരക്ഷാ ആനുകൂല്യങ്ങൾ വർധിപ്പിച്ചേക്കും.
മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് നാളെ രാവിലെ 11 മണിക്ക് പാർലമെന്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. തുടർച്ചയായി 9 ബജറ്റവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോർഡ് ഇതോടെ നിർമ്മല സീതാരാമന് സ്വന്തമാകുകയാണ്. രാജ്യത്തെ മധ്യവർഗം ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ആദായ നികുതി ഘടനയിൽ ഇത്തവണയും ഇളവുണ്ടാകുമോയെന്നതാണ്. ഇളവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഏറ്റവുമൊടുവിലും ലഭിക്കുന്ന സൂചനകൾ. എന്നാൽ, പുതിയ സ്കീമിലേക്ക് ആളുകളെ ആകർഷിക്കാനുള്ള കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകും.
പുതിയ സ്കീമിൽ സ്റ്റാൻഡേഡ് ഡിഡക്ഷൻ 75000 രൂപയിൽ നിന്നും ഒരു ലക്ഷം രൂപയായി ഉയർത്തുമെന്ന പ്രതീക്ഷയുണ്ട്. പുതിയ സ്കീമിലും രണ്ട് ലക്ഷം രൂപ ഭവന വായ്പാ പലിശ ഇളവ് നൽകണമെന്ന നിർദേശമുണ്ട്. പഴയ സ്കീമിൽ തുടരുന്നവർക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാനുള്ള സാധ്യതയില്ല. ഇതിനോടകം 72 ശതമാനം ആളുകൾ പുതിയ സ്കീമിലേക്ക് മാറിക്കഴിഞ്ഞു. തെരഞ്ഞെടുപ്പടുത്ത സംസ്ഥാനങ്ങൾക്ക് കാര്യമായ പ്രഖ്യാപനങ്ങൾ നൽകുന്ന പതിവ് ആവർത്തിക്കുമോയെന്നും ഉറ്റു നോക്കുകയാണ്. കേരളം എയിംസും അതിവേഗ റെയിൽ പാതയുമടക്കം ഒരു പിടി പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. സർക്കാർ ദില്ലി മീററ്റ് മോഡൽ ആർആർടിഎസ് ഉയർത്തിക്കാട്ടുമ്പോൾ ഇ ശ്രീധരൻ അവതരിപ്പിക്കുന്നത് അതിവേഗ റെയിൽ പാതയാണ്. ഇതിലേതെങ്കിലും റെയിൽവേ ബജറ്റും സംയോജിപ്പിച്ച കേന്ദ്ര ബജറ്റിൽ പരിഗണിക്കുമോയെന്നത് ആകാംക്ഷയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam