
ദില്ലി: സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ. കേന്ദ്രമന്ത്രിസഭയുടെ നിയമന കമ്മിറ്റി ആണ് ജൂലൈ ഒന്നുമുതൽ മൂന്നുവർഷത്തേക്ക് കൂടി തുഷാർ മേത്തയെ പുനർനിയമിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ഡിപ്പാർട്ട്മെൻ്റ് ഓഫ് പേഴ്സണൽ ആൻ്റ് ട്രെയിനിങ് പുറത്തിറക്കി.
തുഷാർ മേത്തയ്ക്ക് പുറമേ, അഞ്ച് അഡീഷണൽ സോളിസിറ്റർ ജനറൽമാരുടെ കാലാവധിയും മൂന്ന് വർഷത്തേക്ക് കൂടി നീട്ടി. വിക്രംജിത്ത് ബാനർജി, കെ എം നടരാജ്, സുര്യപ്രകാശ് വി രാജു, എൻ വെങ്കട്ടരാമൻ, ഐശ്വര്യ ഭാട്ടി എന്നിവരെ ആണ് പുനർനിയമിച്ചത്. ദില്ലി ഹൈക്കോടതിയിലെ അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമയുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടി.
കേന്ദ്ര സർക്കാരിൻ്റെ അഭിഭാഷക മുഖകളിൽ പ്രമുഖനായ തുഷാർ മേത്ത, രാജ്യസുരക്ഷ, പൗരത്വം അടക്കം നിർണായക വിഷയങ്ങളിലുള്ള നിയമവ്യവഹാരങ്ങളിൽ സർക്കാരിന് വേണ്ടി ഹാജരായിട്ടുണ്ട്. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന ഹർജികളിൽ സർക്കാരിന് വേണ്ടി പതിവായി ഹാജരാകുന്നത് തുഷാർ മേത്തയാണ്.
ഗുജറാത്ത് സ്വദേശിയായ മുതിർന്ന അഭിഭാഷകനാണ് തുഷാർ മേത്ത. 2014ലാണ് മേത്ത കേന്ദ്ര സർക്കാരിൻ്റെ അഡീഷണൽ സോളിസിറ്റർ ജനറലായി നിയമിതനായത്. 2018 ഒക്ടോബറിലാണ് സോളിസിറ്റർ ജനറലായത്. 2023 ജൂലൈയിൽ കാലാവധി അവസാനിക്കാനിരിക്കെ 2026 ജൂൺ 30 വരെ കാലാവധി നീട്ടിയിരുന്നു. ജൂൺ 30ന് കാലാവധി അവസാനിക്കാനിരിക്കെ ആണ് അടുത്ത മൂന്ന് വർഷത്തേക്ക് കൂടി തുഷാർ മേത്തയെ നിയമിച്ചത്. ഏറ്റവും കൂടുതൽ കാലം സോളിസിറ്റർ ജനറൽ സ്ഥാനത്ത് തുടർന്ന അഭിഭാഷകരിൽ ഒരാൾ കൂടിയാണ് തുഷാർ മേത്ത. നേരത്തെ, ഗുജറാത്ത് സർക്കാരിൻ്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam