
ദില്ലി: ഹോളിക്ക് മുമ്പ് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2026 ജനുവരി മുതലുള്ള ഡിഎയും ഡിആറും വർധിപ്പിക്കുമെന്ന് റിപ്പോർട്ട്. സർക്കാർ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ. മാർച്ചിൽ, ഹോളിക്ക് മുമ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ. അതേസമയം, 2025 ഡിസംബറിലെ എഐസിപിഐ-ഐഡബ്ല്യു ഡാറ്റ ലേബർ ബ്യൂറോ പുറത്തുവിട്ടു.
ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബർ 31 ന് അവസാനിച്ചെങ്കിലും, എട്ടാം ശമ്പള കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കുന്നത് വരെ, ഏഴാം ശമ്പള കമ്മീഷന്റെ അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കിയായിരിക്കും ഡിഎ കണക്കാക്കുക. പണപ്പെരുപ്പത്തിന്റെ ആഘാതം ലഘൂകരിക്കാൻ സർക്കാർ ജീവനക്കാർക്ക് നൽകുന്ന അലവൻസാണ് ഡിഎ. ജനുവരിയിലും ജൂലൈയിലും സർക്കാർ വർഷത്തിൽ രണ്ടുതവണ ഡിഎ വർധിപ്പിക്കുന്നു. ഡിഎ നേരിട്ട് അടിസ്ഥാന ശമ്പളത്തിലാണ് ഉൾപ്പെടുത്തുക.
അതുകൊണ്ട് തന്നെ, ഡിഎയിലെ വർദ്ധനവ് മൊത്തം ശമ്പളത്തിലും പ്രതിഫലിക്കും. AICPI-IW (അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക - വ്യാവസായിക തൊഴിലാളികൾ) ദൈനംദിന സാധനങ്ങളുടെ വിലയിലെ മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്ന സൂചികയാണ്. ലേബർ ബ്യൂറോ പ്രതിമാസം വിലക്കയറ്റ സൂചിക റിപ്പോർട്ട് പുറത്തിറക്കും. ഈ സൂചികയുടെ 12 മാസത്തെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് ക്ഷാമബത്ത നിശ്ചയിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam