
ദില്ലി: ലഖിംപുര്‍ ഖേരി കൂട്ടക്കൊലക്കേസിലെ (Lakhimpur Kheri Murder case) പ്രതിയായ മകനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനെ (Journalist) കോളറില്‍ പിടിച്ച് മര്‍ദ്ദിക്കാനൊരുങ്ങി കേന്ദ്രമന്ത്രി അജയ് മിശ്ര(Ajay Mishra). സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായി. ഇത്തരം മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ക്ക് ഭ്രാന്താണോ എന്ന് ചോദിച്ചായിരുന്നു കേന്ദ്രമന്ത്രി മാധ്യമപ്രവര്‍ത്തകന് നേരെ തട്ടിക്കയറിയത്. അജയ് മിശ്രയുടെ മകനും കേസിലെ പ്രതിയുമായ ആശിഷ് മിശ്രക്കെതിരെ പുതിയ വകുപ്പുകള്‍ ചുമത്തിയതിനെക്കുറിച്ചുള്ള ചോദ്യമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകനെ പിടിച്ച് തള്ളുന്നതും മൈക്ക് ഓഫാക്കാന്‍ പറയുന്നതും ദൃശ്യങ്ങളും വീഡിയോയില്‍ കാണാം.
ലഖിംപുര്‍ ഖേരിയിലെ ഓക്‌സിജന്‍ പ്ലാന്റ് ഉദ്ഘാടനത്തിന് മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം. ജയിലില്‍ കിടക്കുന്ന മകനെയും മന്ത്രി സന്ദര്‍ശിച്ചു. കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് അജയ് മിശ്ര രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ലഖിംപുര്‍ ഖേരി സംഭവം ആസൂത്രിതവും ഗൂഢാലോനയുടെ ഭാഗമായി നടന്നതുമാണെന്ന് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം രാജി ആവശ്യം കടുപ്പിച്ചത്. കര്‍ഷകരെ കൊലപ്പെടുത്താന്‍ വേണ്ടിയാണ് വാഹനം ഇടിച്ചുകയറ്റിയതെന്നും ശ്രദ്ധക്കുറവല്ല അപകടത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രധാനമന്ത്രി അംഗീകരിക്കുന്നില്ലെന്നും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച സര്‍ക്കാര്‍ മന്ത്രിയെ നീക്കണമെന്നും രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞു. എന്നാല്‍ മകന്‍ ചെയ്ത കുറ്റത്തിന് മന്ത്രി രാജിവെക്കേണ്ടെന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam