കർഷക ബില്ലിൽ പ്രതിഷേധം: കേന്ദ്രമന്ത്രി ഹർസിമ്രത്ത് ക‍ൗ‍ർ രാജിവച്ചു

By Web TeamFirst Published Sep 17, 2020, 9:58 PM IST
Highlights

കാ‍ർഷിക രം​ഗത്ത് സമൂലമാറ്റം കൊണ്ടു വരുന്ന കാ‍ർഷിക ബിൽ രാജ്യത്തെ ക‍ർഷകർക്ക് വളരെ ​ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ നിലപാട്. 

ദില്ലി: കേന്ദ്രസർക്കാർ കൊണ്ടു വന്ന കാർഷിക ബില്ലിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ഹർസിമ്രത്ത് കൗ‍ർ രാജിവച്ചു. പഞ്ചാബിലെ അകാലിദൾ പാ‍ർട്ടിയുടെ നേതാവാണ് ഹ‍ർസിമ്രത്ത് കൗ‍ർ. 

കേന്ദ്രഭക്ഷ്യസംസ്കരണമന്ത്രിയായ കൗ‍ർ രാജിവയ്ക്കുന്നതോടെ കേന്ദ്രമന്ത്രിസഭയിൽ അകാലിദളിന് പ്രാതിനിധ്യം ഇല്ലാതെയാവും. അതേസമയം മന്ത്രിസഭയിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും ബിജെപി നയിക്കുന്ന കേന്ദ്രസ‍ർക്കാരിന് തുട‍ർന്നും പിന്തുണ നൽകുമെന്നും അകാലിദൾ നേതാവ് സുക്ബീ‍ർ ബാദൽ അറിയിച്ചു. 

കാ‍ർഷിക രം​ഗത്ത് സമൂലമാറ്റം കൊണ്ടു വരുന്ന കാ‍ർഷിക ബിൽ രാജ്യത്തെ ക‍ർഷകർക്ക് വളരെ ​ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ നിലപാട്. കൃഷിക്കാ‍ർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാനും ന്യായവില ലഭ്യമാക്കാനും ബിൽ സഹായിക്കുമെന്നും കേന്ദ്രസ‍ർക്കാർ വാ​ദിക്കുന്നു. അതേസമയം അകാലിദളിൻ്റെ ശക്തികേന്ദ്രമായ പഞ്ചാബിലും ഹരിയാനയിലും ക‍ർഷകർ കടുത്ത പ്രതിഷേധമാണ് ക‍ർഷകബില്ലിനെതിരെ ഉയ‍ർത്തിയത്. 

മാസങ്ങളായി തുടരുന്ന പ്രതിഷേധം കേന്ദ്രക്യാബിനറ്റ് ബിൽ പാസാക്കിയതോടെ അതിശക്തമായിരുന്നു. ഇതോടെയാണ് കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് മുഖം രക്ഷിക്കാൻ അകാലിദൾ തീരുമാനിച്ചത്. ബില്ലിന് അം​ഗീകാരം നൽകിയ കേന്ദ്രമന്ത്രിസഭായോ​ഗത്തിൽ ഹ‍ർസിമ്രത്ത് കൗ‍ർ പങ്കെടുത്തതും അവർക്കെതിരെ പഞ്ചാബിൽ വലിയ പ്രതിഷേധം സൃഷ്ടിക്കാൻ ഇടയാക്കിയിരുന്നു. 

click me!