തൊഴിലാളികള്‍ക്ക് സൗജന്യ തീര്‍ത്ഥാടന പദ്ധതിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

By Web TeamFirst Published Sep 17, 2020, 6:27 PM IST
Highlights

ആര്‍എസ്എസ് ആചാര്യനും ബിഎംഎസ് സ്ഥാപകനുമായ ദന്തോപാന്ത് ഠേംഹ്ഡിയുടെ ജന്മദിനമായ നവംബര്‍ പത്തിന് പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഫാക്ടറികളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മതകേന്ദ്രങ്ങളിലേക്ക്‌ സൗജന്യ തീര്‍ത്ഥാടന പദ്ധതിയുമായി യോഗി സര്‍ക്കാര്‍. ഒന്നരക്കോടി തൊഴിലാളികള്‍ക്കാണ് സൗജന്യ തീര്‍ത്ഥാടന പദ്ധതിയുടെ ഗുണം ലഭിക്കുക. ആര്‍എസ്എസ് ആചാര്യനും ബിഎംഎസ് സ്ഥാപകനുമായ ദന്തോപാന്ത് ഠേംഹ്ഡിയുടെ ജന്മദിനമായ നവംബര്‍ പത്തിന് പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

20500 ഫാക്ടറികളിലും ആറര ലക്ഷത്തോളം വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് പദ്ധതി ഗുണം ചെയ്യുക. സ്വാമി വിവേകാനന്ദന്റെ പേരിലായിരിക്കും പദ്ധതിയെന്നും രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതിയെന്നും യുപി ലേബര്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. തൊഴിലാളികളുടെ മാനസികമായ ആനന്ദം കണ്ടെത്താനും രാജ്യത്തിന്റെ സാംസ്‌കാരികവും മതപരവുമായ വൈവിധ്യം അറിയാനുമാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.  

തൊഴിലാളികള്‍ക്ക് സൗജന്യ താമസവും യാത്രയും സര്‍ക്കാര്‍ ചെലവില്‍ ഒരുക്കും. തൊഴിലാളികളുടെ മക്കള്‍ക്ക് കായികവും വിനോദവും ഒരുക്കുന്നതിനും പാഠപുസ്തകങ്ങള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയും ആവിഷ്‌കരിക്കും. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ നിര്‍ദേശപ്രകാരമാണ് പദ്ധതികള്‍.
 

click me!