
ദില്ലി: ഉന്നാവ് ബലാത്സംഗക്കേസിൽ ഇരയായ പെണ്‍കുട്ടി സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുത്തിയ ട്രക്ക് ഉടമയെ തിരിച്ചറിഞ്ഞു. ഉത്തർപ്രദേശ് കൃഷി സഹമന്ത്രിയുടെ മരുമകൻ അരുൺ സിംഗാണ് ട്രക്കിന്റെ ഉടമ. സമാജ് വാദി പാർട്ടിയുടെ നവാബ് ഗഞ്ച് ബ്ലോക്ക് അധ്യക്ഷനാണ് അരുൺ സിംഗ്. ഉന്നാവ് സംഭവത്തിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഏഴാം പ്രതി കൂടിയാണ് ഇയാൾ.
ലക്നൗവിൽ നിന്ന് 85 കിലോമീറ്റർ അകലെ റായ്ബറേലിയിലെ ഗുരുബക്ഷ് ഗഞ്ചിലാണ് അപകടം നടന്നത്. യുപി 71 എടി 8300 എന്ന ട്രക്കാണ് പെൺകുട്ടി സഞ്ചരിച്ച കാറിൽ ഇടിച്ചത്. വാഹന നമ്പർ ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അരുൺ സിംഗാണ് ട്രക്കിന്റെ ഉടമസ്ഥനെന്ന് പൊലീസ് കണ്ടെത്തിയത്.
അരുൺ സിംഗിനെതിരെ പെൺകുട്ടിയുടെ കുടുംബം നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന എംഎൽഎ കുൽദീപ് സിംഗ് സെംഗാറിനെതിരെയുള്ള പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തുന്നുവെന്ന് കാണിച്ചാണ് ഇയാൾക്കെതിരെ പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam